തൃശ്ശൂര്‍: പഴയന്നൂരില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകളുമായെത്തി ബാര്‍ അടിച്ചു തകര്‍ച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളായ തൃശ്ശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ് (34), അഞ്ചേരി കുറിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് പോലീസ് പിടിയിലായത്.
സെപ്തംബര്‍ 21ന് പഴയന്നൂര്‍ രാജ് ബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചേശേഷം പ്രതികള്‍ പണം നല്‍കിയിരുന്നില്ല. ഇതോടെ ബാര്‍ ജീവനക്കാര്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പണം നല്‍കിയാല്‍ മാത്രമേ ഫോണ്‍ നല്‍കുകയുള്ളുവെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ബാറില്‍ നിന്ന് പുറത്തേക്കുപോയ യുവാക്കള്‍ പിന്നീട് നാല് ജര്‍മ്മന്‍ ഷെപ്പേഡ് നായകളുമായെത്തി ബാര്‍ ആക്രമിക്കുകയായിരുന്നു.
യുവാക്കള്‍ ബാറില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിരുന്നു. വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചാണ് യുവാക്കള്‍ ബാറിന്റെ ചില്ലുകളും കംപ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്. നായ്ക്കളെ കണ്ടതോടെ ബാറിലുണ്ടായിരുന്നവരും ജീവനക്കാരും നാട്ടുകാരും ഭയന്നോടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന പ്രതികള്‍ക്കായി പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവില്‍ വന്ന പ്രതികളെ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. നായ്ക്കള്‍ക്ക് പരിശീലനം നല്‍കുന്നവരാണ് പ്രതികള്‍ രണ്ടുപേരും.
Post Your Comments