മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരുന്ന് ചെയ്യുന്ന ജോലികള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ തകര്‍ക്കും. ശരീരത്തെ മാത്രമല്ല ജോലി സമ്മര്‍ദ്ദം പലപ്പോഴും മനസിനെയും ബാധിക്കാറുണ്ട്. ഇത്തരത്തില്‍ വലിയ തോതില്‍ ‘സ്ട്രെസ്’ ഉണ്ടാകുന്നത് ക്രമേണ ആരോഗ്യത്തേയും പ്രതികൂലമായി ബാധിച്ചുതുടങ്ങും. നമ്മള്‍ ചെയ്യുന്ന ജോലി നമ്മളെത്തന്നെ തകര്‍ക്കുന്നത് വളരെ പതിയെ മാത്രമേ മനസിലാക്കാന്‍ സാധിക്കൂ. തലവേദന, പനി, മാനസിക സമ്മര്‍ദ്ദം, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയുടെയൊക്കെ രൂപത്തില്‍ അത് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിച്ച് തുടങ്ങും.
കാലാവസ്ഥാ വ്യതിയാനം പോലുള്ള ഘടകങ്ങള്‍ ഇടയ്ക്കിടെ ജലദോഷത്തിനോ പനിക്കോ കാരണമാകാറുണ്ട്. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റമൊന്നുമില്ലാതിരിക്കുമ്പോഴും ഇടയ്ക്കിടെ ജലദോഷവും ചുമയും തൊണ്ടവേദനയുമെല്ലാം വരാറുണ്ടോ? എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ? ശരീരവേദന, ഉറക്കമില്ലായ്മ എന്നിവയുണ്ടാകുന്നുണ്ടോ? ഒരു പക്ഷേ നിങ്ങള്‍ ജോലി ചെയ്യുന്നത് ഇഷ്ടമില്ലാതാണെന്ന് നിങ്ങള്‍ ജോലി മടുത്തുവെന്നതിന് ശരീരം നല്‍കുന്ന സൂചനയാണത്.
നിങ്ങള്‍ ചെയ്യുന്ന ജോലി, അത് എന്ത് തരത്തിലുള്ളതാണെങ്കിലും നിലവാരം കുറയുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ ആ ജോലി മടുത്ത് തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണത്. ജോലിയില്‍ പതിവിലധികം തെറ്റുകളോ പാളിച്ചകളോ സംഭവിക്കുകയോ ഓഫീസില്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള ഒരുകാര്യത്തിലും ശ്രദ്ധ ചെലുത്താന്‍ പറ്റാതാകുകയോ ചെയ്യുന്നതും നിങ്ങള്‍ ആ ജോലി വെറുത്തു തുടങ്ങി എന്നതിന്റെ സൂചനയാണ്.
വിഷാദം, കടുത്ത ഉത്കണ്ഠ എന്നിവ അനുഭവപ്പെടുക, ഓഫീസ് സമയം കഴിയുമ്പോഴേക്ക് നിരാശയും ശൂന്യതയും തോന്നുക, ഉറക്കം നഷ്ടപ്പെടുക, മനസില്‍ ഉത്കണ്ഠകള്‍ നിറയുക, ഇതെല്ലാം ജോലി നിങ്ങളിലുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തിനുള്ള തെളിവുകളാകാം. ഈ ലക്ഷണങ്ങളെല്ലാം ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും നമുക്ക്, നമ്മുടെ താല്‍പര്യാനുസരണം തന്നെ ജോലി തെരഞ്ഞെടുക്കാനോ ചെയ്യാനോ കഴിയണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ജോലി നമ്മളിലുണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ മറികടക്കുക തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം.
ജോലി സമ്മര്‍ദ്ദം വരുത്തി വയ്ക്കുന്ന മാനസികാഘാതത്തിന്റെ കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ജോലിസമയത്തിന് ശേഷമുള്ള സമയം മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി ചിലവിടാം. ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാം. ഇതിനൊപ്പം തന്നെ നമുക്ക് താല്‍പര്യമുള്ള മറ്റ് മേഖലകളിലേക്ക് മനസിനെ തെളിച്ചുവിടുക. പാട്ട്, സിനിമ, സാഹിത്യം. പെയ്ന്റിംഗ്, ഗാര്‍ഡനിംഗ്, പാചകം, യാത്ര, ഫോട്ടോഗ്രഫി അങ്ങനെ ഏതുമാകട്ടെ നിങ്ങളുടെ വിനോദം. കുറച്ച് സമയം അതിനുവേണ്ടി മാറ്റി വയ്ക്കാം. ഒരിക്കലും മികച്ച കരിയര്‍ മുന്നില്‍ക്കണ്ടു കൊണ്ട് നമുക്ക് താങ്ങാനാവുന്നതിലധികം ജോലി ഏറ്റെടുക്കരുത്. അത് വീണ്ടും മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ആരോഗ്യകാര്യത്തിലും മികച്ച ശ്രദ്ധ പുലര്‍ത്തുക. മിതമായ അളവില്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കാം. ഇതിനൊപ്പം കൃത്യമായ ഉറക്കവും ഉറപ്പുവരുത്തുക. എന്നിട്ടും നിങ്ങള്‍ക്ക് മാറ്റമൊന്നുമില്ലെങ്കില്‍ ജോലി സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെങ്കില്‍ ആ ജോലി ഉപേക്ഷിക്കുക തന്നെയാണ് മികച്ച മാര്‍ഗം.
Post Your Comments