
പാലാ: ഗാന്ധിജയന്തി ഉള്‍പ്പെടെയുള്ള ദേശീയദിനങ്ങളിലെ അവധി ഒഴിവാക്കി പ്രവൃത്തിദിനമാക്കി മാതൃക കാട്ടണമെന്ന് മഹാത്മാമാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു എബി.
ഗാന്ധിജിയെപോലുള്ള മഹാന്മാര്‍ക്കു നല്‍കാവുന്ന ഏറ്റവും വലിയ ആദരവ് പൊതുസമൂഹത്തിനു നല്‍കുന്ന സേവനമാണ്. പൊതു അവധികള്‍ അലസമാരെ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വാതന്ത്ര്യദിനാചരണംപോലും വെറും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പൊതുഅവധി ദിവസങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം. അവധികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ചുരുക്കണം. ദേശീയദിനങ്ങളില്‍ ദേശീയതയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ചടങ്ങുകള്‍ നിര്‍ബ്ബന്ധമാക്കണമെന്നും എബി ജെ. ജോസ് നിര്‍ദ്ദേശിച്ചു.
അനൂപ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, സോണി ഫിലിപ്പ്, അമല്‍ജോസഫ്, വിഷ്ണു കെ ആര്‍, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു
Post Your Comments