ചൈനയില്‍ സാംസങ് ഫോണുകളുടെ ഉത്പാദനം അവസാനിപ്പിച്ചു. ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്‍പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ കാരണം. കഴിഞ്ഞ വര്‍ഷവും ചൈനയില്‍ സാംസങ് ഫാക്ടറി ഉത്പാദനം നിര്‍ത്തിയിരുന്നു. ആപ്പിള്‍ മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനി.
ചൈനീസ് വിപണിയിലെ സാസംങിന്റെ ലാഭ വിഹിതം ആദ്യ പാദത്തില്‍ നിന്നും ഒരു ശതമാനമായി ചുരുങ്ങി. 2013 ല്‍ ഇത് 15 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതിവേഗം വളരുന്ന ആഭ്യന്തര ബ്രാന്‍ഡുകളായ ഹ്യുവായ്, ഷവോമി എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും ഉല്‍പാദനം കുറയാന്‍ കാരണമായി. ചൈനയിലെ ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത് ആഭ്യന്തര ബ്രാന്‍ഡുകളാണ്.
ചൈനയിലെ ബെയ്ജിംഗ് പ്ലാന്റില്‍ ഉല്‍പാദനം നിര്‍ത്തുകയാണെന്ന് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സോണിയും വ്യക്തമാക്കിയിരുന്നു. തായ്‌ലാന്‍ഡില്‍ മാത്രമാണ് നിലവില്‍ സോണിയുടെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാംസങിന്റെ ലക്ഷ്യം.
Post Your Comments