Latest NewsIndia

സംസ്ഥാനത്തെ വിദേശികളെയും ബംഗ്ലാദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ യുപി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. സംസ്ഥാന സുരക്ഷയുടെ ഭാഗമായാണ് വിദേശീയരെ കണ്ടെത്തി നാടുകടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ബസ് സ്റ്റാന്‍റുകള്‍, ചേരികള്‍ എന്നിവയില്‍ റെയ്ഡ് നടത്താനും രേഖകളില്ലാത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുമാണ് നിര്‍ദേശം. വിദേശീയര്‍ക്ക് വ്യാജ പൗരത്വ രേഖകള്‍ നിര്‍മിച്ച്‌ നല്‍കിയവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനും നിര്‍ദേശം നല്‍കി.അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയ നടപടിയെ അഭിനന്ദിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. അസമിന് സമാനമായ നടപടി ഉത്തര്‍പ്രദേശിലും സ്വീകരിക്കുമെന്നും രാജ്യസുരക്ഷക്ക് ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഇന്ത്യ തന്നെ ആഭ്യന്തര സുരക്ഷ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ അനധികൃതമായി കടന്നുകയറിയവര്‍ നമ്മുടെ വിഭവങ്ങള്‍ ചൂഷണം ചെയ്തു. അവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇങ്ങനെ കടന്നുകയറിയവരില്‍ അധികവും ബംഗ്ലാദേശികളാണെന്നും ആദിത്യനാഥ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button