
‘തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍ …. നീയെന്റെ ജീവനില്‍ പെയ്തു….’ മഴപോലെ പെയ്തിറങ്ങിയ വരികളുടെ കൂട്ടുകാരന് വിട. പ്രവാസി എഴുത്തുകാരന്‍ ഷിറാസ് വാടാനപ്പള്ളി ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചു. 42 വയസായിരുന്നു. മൂന്നു ദിവസം മുന്‍പ് കാണാതായതിന് ശേഷമാണ് ഷിറാസിന്റെ മൃതദേഹം കണ്ടെടുത്തത്. വാടാനപ്പള്ളി അറക്കവീട്ടില്‍ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകനാണ് ഷിറാസ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് തിരിച്ചുപോകുമ്പോള്‍ ഷാര്‍ജ നാഷനല്‍ പെയിന്റിന് സമീപം ഒരു സംഘം അശ്രദ്ധമായി ഓടിച്ചു വന്ന വാഹനമിടിച്ചാണ് ഇദ്ദേഹത്തിന്റെ മരണം.
മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. ടെലിഫോണി കംപ്യൂട്ടര്‍ നെറ്റ് കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റ് ജോലി ചെയ്തു വരികയായിരുന്ന ഷിറാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്. കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ്ബ് സംഘടിപ്പിച്ച ഗസല്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നു പേരില്‍ ഒരാളായിരുന്നു ഷിറാസ്. ”നീയല്ലെങ്കില്‍ മറ്റാരാണ് സഖീ” എന്ന ഉമ്പായി ഈണം നല്‍കി ആലപിച്ച ഗസ്സല്‍ ആല്‍ബത്തിലെ ‘തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍’… എന്ന ഗാനമാണ് ഷിറാസിന്റേത്.
പുതിയ പ്രതിഭകളെ കണ്ടെത്തി സംഗീത ലോകത്തേക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ”നീയല്ലെങ്കില്‍ മറ്റാരാണ് സഖീ” എന്ന ആല്‍ബം. മികച്ച ഗാനങ്ങളായിരുന്നു തിരഞ്ഞെടുത്തത്. പ്രവാസി എഴുത്തുകാരനായ ഷിറാസിന്റെ മനോഹരമായ വരികള്‍ ഉമ്പായിയുടെ ശബ്ദത്തില്‍ പുറത്തുവന്നപ്പോള്‍ ആസ്വാദകര്‍ ആ രാമഴയില്‍ അക്ഷരാര്‍ത്ഥത്തില്‍ അലിഞ്ഞു ചേരുകയായിരുന്നു. എഴുത്തിന്റെ ലോകത്തില്‍ ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതിന് മുന്‍പ് വിട പറഞ്ഞു പോയ ഷിറാസിന് ഈസ്റ്റ് കോസ്റ്റിന്റെ പ്രണാമം.
Post Your Comments