പാറ്റ്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ സിതാമര്‍ഹി ജില്ലയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലായിരുന്നു സംഭവം. സുതിഹറിലെ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അതേസമയം മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് സുഷില്‍ കുമാര്‍ രംഗത്തെത്തി.
വിദ്യാലയത്തിലെ അധ്യാപകര്‍ക്കെതിരെയാണ് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അധ്യാപകര്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇക്കാര്യം മകന്‍ പലപ്പോഴായി തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു. മകന്റെ പരാതിയുമായി താന്‍ പ്രിന്‍സിപ്പാളിനെ ചെന്നു കണ്ടിരുന്നുവെന്നും ഇനി ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടുകളും മകന് നേരിടേണ്ടി വരില്ലെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
മകനെ മോഷണക്കുറ്റം ചുമത്തി, കാന്റീനില്‍ വച്ച് അധ്യാപകര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. പ്രിന്‍സിപ്പാളും മകനെ മര്‍ദ്ദിച്ചിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം തനിക്കറിയില്ല, മകന്‍ വിഷം കഴിച്ചുവെന്നാണ് ചിലര്‍ പറയുന്നതെന്നും മറ്റുചിലര്‍ പറയുന്നത് അവനെ സ്‌കൂളില്‍ വെച്ച് കൊന്നതാണെന്നും സുഷില്‍ കുമാര്‍ വ്യക്തമാക്കി. സുഷില്‍ കുമാറിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്നും സിതാമര്‍ഹിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വീര്‍ കുന്‍വാര്‍ പറഞ്ഞു.
Post Your Comments