
വാര്‍ധക്യസഹജമായും അല്ലാതെയും മറവിരോഗം വരാറുണ്ട്. പല ഘടകങ്ങളാണ് ഒരാളെ ഇതിലേക്ക് നയിക്കുന്നത്. ജീവിതശൈലിക്ക് ഇതിലുള്ള പങ്ക് സുപ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിയുള്ള ഒരാള്‍ക്ക് മറവിരോഗത്തെ വലിയ പരിധി വരെ പ്രതിരോധിക്കാനാകുമെന്നാണ് മുമ്പ് പല പഠനങ്ങളും നല്‍കിയിട്ടുള്ള സൂചന
നിത്യജീവിതത്തിലെ ചെറിയ ചില മറവികള്‍ പോലും പലപ്പോഴും നമ്മളെ അസ്വസ്ഥതപ്പെടുത്താറുണ്ട്. ഭാവിയില്‍ ഇത് വലിയ മറവിരോഗമായി മാറുമോയെന്നതാണ് ഈ പേടി. അത്രമാത്രം നമ്മള്‍ ഭയപ്പെടുന്ന ഒരസുഖമാണ് മറവിരോഗം. ഡിമെന്‍ഷ്യയോ അല്‍ഷിമേഴ്സോ ഒക്കെയാകാം മേല്‍പ്പറഞ്ഞ മറവിരോഗം.
ഇന്ന് ലോകത്ത്, ഏതാണ് അഞ്ച് കോടിയിലധികം പേര്‍ക്ക് ഡിമെന്‍ഷ്യയുണ്ടെന്നാണ് കണക്ക്. 20150 ആകുമ്പോഴേക്ക് ഇതിന്റെ രണ്ടിരട്ടിയാകും മറവിരോഗികളുടെ എണ്ണമെന്നാണ് ‘2018 വേള്‍ഡ് അല്‍ഷിമേഴ്സ് റിപ്പോര്‍ട്ട്’ സൂചിപ്പിക്കുന്നത്.
വാര്‍ധക്യസഹജമായും അല്ലാതെയും മറവിരോഗം വരാറുണ്ട്. പല ഘടകങ്ങളാണ് ഒരാളെ ഇതിലേക്ക് നയിക്കുന്നത്. ജീവിതശൈലിക്ക് ഇതിലുള്ള പങ്ക് സുപ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിയുള്ള ഒരാള്‍ക്ക് മറവിരോഗത്തെ വലിയ പരിധി വരെ പ്രതിരോധിക്കാനാകുമെന്നാണ് മുമ്പ് പല പഠനങ്ങളും നല്‍കിയിട്ടുള്ള സൂചന.
അത്തരത്തില്‍ മറവിരോഗത്തെ ചെറുക്കാന്‍ സഹായിക്കുന്ന അഞ്ച് മാര്‍ഗങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്…
ആദ്യം പറഞ്ഞതുപോലെ തന്നെ ആരോഗ്യത്തോടെ ജീവിക്കുക എന്നത് തന്നെയാണ് ഒരു പ്രധാനമാര്‍ഗം. ഇതില്‍ത്തന്നെ ഡയറ്റിനാണ് അല്‍പം കൂടി പ്രാധാന്യമുള്ളത്.
എന്തും കഴിക്കുമെന്ന രീതിക്ക് പകരം പ്രായത്തിനും ശാരീരിക- മാനസികാവസ്ഥയ്ക്കും ആവശ്യമായ തരത്തില്‍ ചെറിയ രീതിയിലെങ്കിലും ഡയറ്റിനെ ക്രമീകരിക്കുക. ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, ബെറികള്‍, നട്ട്സ്, ധാന്യങ്ങള്‍, സീഫുഡ്, ചിക്കന്‍, ഒലിവ് ഓയില്‍ എന്നിവയെല്ലാം പൊതുവായി ഇതിന് യോജിച്ച ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളാണ്.
രണ്ട്…
ഡയറ്റിനൊപ്പം തന്നെ കൊണ്ടുപോകേണ്ട ഒന്നാണ് വ്യായാമം. അവരവരുടെ പ്രായത്തിനും ആരോഗ്യത്തിനും അുസരിച്ച് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുക.. ഇത് ശരീരത്തിനെ മാത്രമല്ല, മനസിനേയും എപ്പോഴും പുതുക്കിക്കൊണ്ടിരിക്കും.
മൂന്ന്…
പുകവലി മറവിരോഗത്തിലേക്ക് എത്തിച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളാണ് ഇതിനോടകം വന്നിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ പല പഠനങ്ങളും പരാജയപ്പെട്ടെങ്കിലും സ്ഥിരമായി പുകവലിക്കുന്നത് തലച്ചോറിനെ സാരമായി ബാധിക്കുന്നതിന്റെ ഭാഗമായാകണം മറവിരോഗവുമെന്ന് അനുമാനിക്കപ്പെടുന്നു.
നാല്…
പുകവലിയുടെ കാര്യം പറഞ്ഞത് പോലെ തന്നെ മദ്യപാനവും മറവിരോഗത്തിന് കാരണമായി വരാറുണ്ട്.
വര്‍ഷങ്ങളോളം മദ്യപിച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന ഡിമെന്‍ഷ്യയെ ‘ആല്‍ക്കഹോളിക് ഡിമെന്‍ഷ്യ’ എന്ന് വിളിക്കാറുണ്ട്. അതിനാല്‍ മദ്യപിക്കുന്ന ശീലം തുടങ്ങാതിരിക്കുക. ശീലം ഉള്ളവര്‍ അത് മിതപ്പെടുത്താനും കഴിയുമെങ്കില്‍ ഉപേക്ഷിക്കാനും ശ്രമിക്കുക.
അഞ്ച്…
അഞ്ചാമതായി ശ്രദ്ധിക്കാനുള്ളത് സന്തോഷകരമായി ജീവിക്കുകയെന്നതാണ്. നിരന്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുന്നത് പിന്നീട് മറവിരോഗത്തിലേക്കെത്തുമെന്നും ചില പഠനങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ ഇഷ്ടപ്പെട്ട വിനോദങ്ങളിലേര്‍പ്പെട്ടും, ‘പൊസിറ്റീവ്’ കാഴ്ചപ്പാടോടെ ജീവിതത്തെ വരവേറ്റും സ്വയം പരിശീലിക്കുക.
ചിക്കാഗോയിലെ ‘റഷ് യൂണിവേഴ്സിറ്റിയില്‍’ നിന്നുള്ള ഗവേഷകരാണ് മറവിരോഗത്തെ ചെറുക്കാന്‍ സ്വീകരിക്കാവുന്ന ഈ അഞ്ച് മാര്‍ഗങ്ങളെക്കുറിച്ച്, ‘അല്‍ഷിമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സി’ല്‍ വച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഏതാണ്ട് 60 ശതമാനം വരെ രോഗത്തെ ചെറുക്കാന്‍ ഇത് ഒരു വ്യക്തിയെ സഹായിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്
Post Your Comments