മുസാഫറാബാദ്: നിയന്ത്രണ രേഖ(ലൈൻ ഒഫ് കൺട്രോൾ) കടന്ന് 75 പാകിസ്ഥാനി ഡോക്ടർമാർ ഇന്ത്യയിലേക്ക് എത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കാശ്മീരി ജനതയ്ക്ക് സഹായവും ചികിത്സയും നൽകുന്നതിനായാണ് ഇവർ ഇന്ത്യ-പാക് അതിർത്തി കടക്കുന്നത് എന്നാണ് പറയുന്നത്. .ആഗസ്റ്റ് മുപ്പതോടെയാണ് പാകിസ്ഥാനിലെ യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസും പാകിസ്ഥാൻ സൊസൈറ്റി ഒഫ് ഇന്റേർണൽ മെഡിസിനും ചേർന്ന് കാശ്മീരികളെ സഹായിക്കുന്നതിനായി തങ്ങളുടെ ഡോക്ടർമാരെ നിയന്ത്രണരേഖ കടത്താനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു.
ഡോക്ടർമാരുടെ കൈവശം ചികിത്സാവശ്യത്തിനായുള്ള മരുന്നുകളും ഇവർ കൊടുത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ ഇവർ പാക് അധീന കാശ്മീരിലെ മുസാഫറാബാദിൽ എത്തിയിരുന്നു. ഇവിടെ വച്ച് തിങ്കളാഴ്ചയോടെ 100 ഡോക്ടർമാർ കൂടി ഇവരുടെ സംഘത്തിലേക്ക് എത്തിച്ചേരുമെന്നായിരുന്നു പാകിസ്ഥാനി പത്രമായ ‘ദ ന്യൂസ് ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്തത്.ഡോക്ടർമാരുടെ സംഘത്തെ തടയരുതെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും തങ്ങൾ ഇന്ത്യൻ അധികൃതരോട് ആവശ്യപെട്ടിട്ടുണ്ടെന്നാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ജാവേദ് അക്രം പറയുന്നത്.
സെപ്തംബർ അഞ്ചിന് ഇന്ത്യൻ ഹൈ കമ്മീഷന്റെ ഫസ്റ്റ് സെക്രട്ടറി ആശിഷ് ശർമയെ അക്രം കണ്ടിരുന്നു. എന്നാൽ ഡോക്ടർമാരെ അതിർത്തി കടത്താൻ സൗകര്യം ചെയ്ത് തരില്ല എന്നാണ് ആശിഷ് ശർമ അക്രത്തിനോട് പറഞ്ഞത്. 21 ഡോക്ടർമാരെ അതിർത്തി കടത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, അതിന് സാധിച്ചില്ലെങ്കിൽ മനുഷ്യാവകാശത്തിന്റെ പേരിൽ മൂന്ന് ഡോക്ടർമാരെയെങ്കിലും അതിർത്തി കടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും അക്രം പറഞ്ഞു.
ഒരു ട്രക്ക് മുഴുവൻ മരുന്നുകളും മറ്റുമായി ഡോക്ടർമാർ കാശ്മീരിലേക്ക് വരുന്നുണ്ടെന്നും എന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് തനിക്കറിയില്ലെന്നുമാണ് ജാവേദ് അക്രം അവസാനം പ്രതികരിച്ചത്.
Post Your Comments