ഇടുക്കി: ‘ഇത് ഞങ്ങളുടെ പൊന്നുമോളാണ്, ഇവളെ വഴിയില്‍ ഉപേക്ഷിച്ചതല്ല… ജീപ്പ് യാത്രയ്‌ക്കിടെ റോഡില്‍ തെറിച്ചുവീണ് ഫോറസ്റ്റ് വാച്ചര്‍മാര്‍ രക്ഷപ്പെടുത്തിയ ഒരുവയസുകാരി രോഹിതയുടെ അമ്മ സത്യഭാമ കുഞ്ഞിനെ മാറോടണച്ച് കണ്ണീരോടെ പറയുന്നു. വെള്ളത്തൂവല്‍ മുള്ളരിക്കുടി സ്വദേശികളായ കുടുംബം പളനിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ടോടെ സത്യഭാമയുടെ ഉദുമല്‍പേട്ടയിലെ വീട്ടിലെത്തി, ഭക്ഷണം കഴിച്ച് യാത്ര തുടരുകയായിരുന്നു. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളതിനാല്‍ ആറുമാസമായി മരുന്നു കഴിക്കുന്ന സത്യഭാമ അന്നും ഉദുമല്‍പേട്ടയില്‍ വച്ച് മരുന്നു കഴിച്ചിരുന്നു.
മരുന്നു കഴിച്ചതിന്റെയും ദീര്‍ഘയാത്രയുടെയും ക്ഷീണം കാരണം മയങ്ങിപ്പോയ സത്യഭാമ, മടിയില്‍ നിന്ന് കുഞ്ഞ് തെറിച്ചുപോയത് അറിഞ്ഞില്ല. വീടിനടുത്തെത്തിയപ്പോള്‍ കുഞ്ഞില്ലെന്നു തിരിച്ചറിഞ്ഞ്, നൈറ്റ് പട്രോളിംഗ് പൊലീസിന്റെ സഹായം തേടുകയായിരുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ മനഃപൂര്‍വം ഉപേക്ഷിച്ചതാണെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി പളനി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അമ്മയുടെ മടിയില്‍ നിന്ന് കുഞ്ഞ് തെറിച്ചു വീണത്.
സംഭവമറിയാതെ മാതാപിതാക്കള്‍ ജീപ്പില്‍ അമ്പതു കിലോമീറ്ററോളം യാത്ര ചെയ്യുകയും ചെയ്തു.അതേസമയം, സംഭവത്തില്‍ അച്ഛന്‍ സതീശിനും അമ്മ സത്യഭാമയ്‌ക്കുമെതിരെ മൂന്നാര്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. വന്യമൃഗങ്ങളിറങ്ങുന്ന കാനനപാതയില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ വനപാലകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. രാജമല അഞ്ചാംമൈലിലെ നിരീക്ഷണ കാമറയില്‍നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കും.
Post Your Comments