KeralaLatest NewsNews

അമൃത് രംഗന്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി; ഒരു സാധാരണക്കാരന്‍ ഈ എസ്‌ഐയെ എങ്ങനെ വിളിക്കുമെന്ന് സന്ദീപ് വാര്യര്‍

സിപിഎം നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവിട്ട എസ്‌ഐ അമൃത് രംഗനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് സംഭാഷണം പുറത്തുവിട്ടതിലൂടെ അമൃത് രംഗന്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും ഇനി എന്ത് ധൈര്യത്തിലാണ് ഒരു സാധാരണക്കാരന്‍ ഈ എസ്‌ഐയെ വിളിച്ച് രഹസ്യം കൈമാറുകയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം. ഫോണ്‍ സംഭാഷണം പുറത്ത് വിടും മുന്‍പ് അമൃത് രംഗന്‍ പത്ത് തവണ ആലോചിക്കണമായിരുന്നുവെന്നും അത് മാന്യതയുള്ള നടപടിയായില്ലെന്നും സന്ദീപ് പറയുന്നു.

Read also: കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അമൃത് രംഗന്‍ സംഘര്‍ഷ സ്ഥലത്ത് നില്‍ക്കുന്ന സമ്മര്‍ദ്ദത്തോടെയാണ് സംസാരിച്ചത് എന്നാണ് മനസ്സിലാക്കുന്നത് . എസ് ഐ സംഭവസ്ഥലത്ത് നില്‍ക്കുകയാണ് എന്ന ബോധം സക്കീര്‍ ഹുസൈനും വേണമായിരുന്നു. ഫ്രീ ആകുമ്പോള്‍ ഒന്നു വിളിക്കൂ എന്നുപറഞ്ഞ് ആ സംഭാഷണം സക്കീര്‍ ഹുസൈന് അവിടെ അവസാനിപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന് കുറച്ചുകഴിഞ്ഞ് വിളിക്കാമായിരുന്നു.

മറ്റൊന്ന് സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ നേതാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയാല്‍ സ്വാഭാവികമായും ആ സമ്മര്‍ദ്ദം സക്കീര്‍ ഹുസൈനും ഉണ്ടാകുമെന്ന് അമൃത രംഗനും മനസ്സിലാക്കണമായിരുന്നു. ഞാന്‍ തിരക്കിലാണെന്നും പിന്നീട് വിളിക്കാം എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് അനാവശ്യമായ വര്‍ത്തമാനങ്ങള്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് ഫോണ്‍ ചെയ്തു കാര്യങ്ങള്‍ നല്ല രീതിയില്‍ പറഞ്ഞ് സക്കീര്‍ ഹുസൈനെ ബോധ്യപ്പെടുത്താമായിരുന്നു.

ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് സംഭാഷണം പുറത്തുവിട്ടതിലൂടെ അമൃത് രംഗന്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി എന്ന് പറയാതെ വയ്യ. എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരന്‍ ഏതെങ്കിലും രഹസ്യവിവരം അദ്ദേഹത്തെ വിളിച്ച് കൈമാറുക? എന്ത് ധൈര്യത്തിലാണ് ഇനി പൊതു പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്യുക ? ഫോണ്‍ സംഭാഷണം പുറത്ത് വിടും മുന്‍പ് അമൃത രംഗന്‍ പത്ത് തവണ ആലോചിക്കണമായിരുന്നു. അത് മാന്യതയുള്ള നടപടിയായില്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ നാട്ടില്‍ ഒരു എസ്‌ഐ ഉണ്ടായിരുന്നു. വളരെ സീനിയറായിരുന്നു. ഹെഡ് മൂത്ത് എസ്‌ഐ ആയതാണ് . അതിന്റെ അനുഭവ പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. പരമാവധി പരാതികള്‍ രണ്ടു കൂട്ടരേയും വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി വിടും. വര്‍ഷങ്ങളോളം കോടതിവരാന്തയില്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നത് എസ്‌ഐയുടെ മുറിയില്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ട് അവസാനിക്കുമായിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പോലും അങ്ങനെ പറഞ്ഞ് പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്.

എല്ലാ പാര്‍ട്ടികളില്‍ പെട്ട പൊതുപ്രവര്‍ത്തകരുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പരമാവധി ഉള്‍ക്കൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കാലയളവില്‍ കാര്യമായ ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്‌നങ്ങളൊന്നും തന്നെ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിട്ടുമില്ല.

ഡിപ്ലോമസി എന്ന് പറയും. അത് രാഷ്ട്രീയക്കാര്‍ക്കും പൊലീസുകാര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും നല്ലതാണ്. ഒന്ന് മസിലുപിടുത്തം അവസാനിപ്പിച്ച് രണ്ടുകൂട്ടരും അയഞ്ഞു സംസാരിച്ചാല്‍ നാട്ടിലെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. ബ്യൂറോക്രസിയും ജുഡീഷ്യറിയും ഒക്കെ ജനാധിപത്യത്തിനും മേലെയാണെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാവരുത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button