
ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്‌കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറി ദളിത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ദളിത് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ വാങ്ങാന്‍ ജനറല്‍ വിഭാഗത്തിലും പിന്നോക്കവിഭാഗത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബലിയ ജില്ലാ മജിസ്ട്രേറ്റ് ഡോ.ഭവാനി സിംഗ് സ്‌കൂളിലെത്തി നേരിട്ട് അന്വേഷണം നടത്തി.
സ്‌കൂളിലെ ദലിത് വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ അടിസ്ഥാനമില്ലെന്നും എന്നിരുന്നാലും, സംയുക്ത മജിസ്ട്രേറ്റ് തല ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഭവാനി സിംഗ് പറഞ്ഞു. അതേസമയം കുട്ടികള്‍ക്കിടയില്‍ ചെറുതായി വിവേചനചിന്തയുണ്ടെന്ന് പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പുര്‍ഷോട്ടം ഗുപ്ത പറഞ്ഞു.
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ബിഎസ്പി മേധാവി മായാവതി ട്വീറ്റ് ചെയ്തു, ”ദലിത് വിദ്യാര്‍ത്ഥികളെ പ്രത്യേകമിരുന്ന് ് ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വാര്‍ത്ത വളരെ അപലപനീയവും സങ്കടകരവുമാണെന്നും ഇത്തരം വെറുപ്പുളവാക്കുന്ന വിവേചനം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുമെന്നും മായാവതി പറഞ്ഞു.
Post Your Comments