മൂന്നാര്‍: പുഴയോര കൈയേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൂന്നാറില്‍ പ്രളയം നാശം വിതച്ചതോടെയാണ് പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന കൈയേറ്റങ്ങള്‍ക്കെതിരെ ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നത്. മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിന് തടസംസൃഷ്ടിക്കുന്ന വിധത്തിലും നടത്തിയിരിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനാണ് അധികൃതരുടെ തീരുമാനം.
പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാന്‍ മൂന്നാര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാകും തുടര്‍ നടപടികള്‍.മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. അശാസ്ത്രീയമായ നിര്‍മാണങ്ങളും പുഴ കൈയേറ്റവുമാണു മൂന്നാറില്‍ പ്രളയത്തിനു കാരണമാകുന്നതെന്നാണ് കണ്ടെത്തൽ.
Post Your Comments