
ആലുവ: ആലുവയിലെ താമസസ്ഥലത്ത് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി(19)യുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചിറ്റാറ്റുമുക്ക് കനാല്‍പുറമ്പോക്ക് സ്വദേശിനി ജോയ്സി (19)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ്.
ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലായതിനാല്‍ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.എസ് ആയുര്‍വേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആലുവ പറവൂര്‍ കവലയില്‍ വി.ഐ.പി ലൈനില്‍ സ്ഥാപനം വാടകക്കെടുത്ത് നല്‍കിയ വീട്ടിലാണ് ജോയ്സിയും മറ്റ് മൂന്ന് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ മരണ വിവരം തിരുവനന്തപുരത്തെ വീട്ടിലറിയിച്ചത്.
11 മാസമായി ഇവിടെ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോയ്സി. ജൂനിയര്‍ മാനേജരായി പ്രൊമോഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ജോലിക്ക് പോയില്ല. രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവര്‍ത്തകയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കകത്തെ ബര്‍ത്തില്‍ മരത്തടി കുറുകെ ഇട്ടശേഷം ഷാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. താമസിച്ചിരുന്ന വാടകവീട്ടില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം.
സമീപത്ത് കസേരയും ഉണ്ടായിരുന്നെങ്കിലും കാലുകള്‍ തറയില്‍ ചവിട്ടിയ നിലയിലായിരുന്നു എന്നതാണ് സംശയമുണ്ടാക്കുന്നത്.ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments