കോട്ടയം: ചാലാകരി പാടത്ത് മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാം ചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്‍കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി.കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.
ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഇവ പാടത്ത് തള്ളിയ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്പായിക്കാട് ചിലമ്പിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്.
തുടർന്ന് പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
Post Your Comments