Latest NewsIndia

സുഷമ സ്വരാജ്; കേരളത്തിനും മറക്കാനാവില്ല ആ ധീരവനിതയെ

ന്യൂഡല്‍ഹി: സുഷമ സ്വരാജ് വിടവാങ്ങുമ്പോള്‍ അത് കേരളത്തിനും ഒരു തീരാ നഷ്ടമായി തീര്‍ന്നിരിക്കുകയാണ്. വിദേശകാര്യ മന്ത്രിയായിരിക്കെ വിവിധ ലോകരാജ്യങ്ങളുമായി ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിയ ആ ധീരവനിതയുടെ സൗഹൃദവും ഭരണപാടവവും കേരളത്തിനും തുണയായിട്ടുണ്ട്. ആ ധീരത കേരളവും കണ്ടറിഞ്ഞതാണ്. 2014-ല്‍ ഇറാഖില്‍ ഐ.എസ്. ഭീകരര്‍ മലയാളികളടക്കമുള്ള 46 നഴ്സുമാരെ തടങ്കലില്‍വെച്ചപ്പോള്‍ രക്ഷയായത് സുഷമ സ്വരാജിന്റെ ഇടപെടലായിരുന്നു. ഐ.എസ്. ആക്രമണം നടക്കവെ ഇറാഖിലെ തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെയെത്തിക്കുന്നതില്‍ അവര്‍ കാണിച്ച നയതന്ത്ര പാടവം എന്നും പ്രശംസനീയമാണ്.
പിന്നീട്, മലയാളികളടക്കമുള്ള മുന്നൂറ്റമ്പതോളം തൊഴിലാളികള്‍ യെമനില്‍ കുടുങ്ങിയപ്പോഴും സുഷമ സ്വരാജിന്റെ ഇടപെടല്‍ തുണയായി. ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ഒമാന്റെ സഹായത്തോടെ രക്ഷിക്കാന്‍ മുന്‍കൈയെടുത്തതും സുഷമ സ്വരാജ് എന്ന വിദേശകാര്യമന്ത്രി തന്നെയായിരുന്നു.

ALSO READ: “നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു..” കശ്മീർ വിഷയത്തിൽ അറംപറ്റിയ അവസാനത്തെ ട്വീറ്റ്

2014 ജൂണ്‍ 13-നാണ് ഇറാഖില്‍ ഭീകരര്‍ ആശുപത്രിയുടെ താഴത്തെ നില കൈയടക്കിയത്. ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ള ജീവനക്കാരെ രണ്ടാം നിലയില്‍ പാര്‍പ്പിച്ചു. ആശുപത്രിയുടെ നിയന്ത്രണം ഭീകരരുടെ കൈയിലായതിനാല്‍ മരണം മുന്നില്‍ക്കണ്ടു കഴിയുകയായിരുന്നു നഴ്സുമാര്‍. വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു. നഴ്സുമാരെ രക്ഷിക്കാനുള്ള സഹായം തേടി ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിന് ധൈര്യം പകര്‍ന്ന് അവരെ തിരികെയെത്തിക്കും എന്ന് വാക്ക് നല്‍കി. മൂന്നുദിവസം ഡല്‍ഹിയില്‍ ക്യാമ്പുചെയ്ത മുഖ്യമന്ത്രി ദിവസവും സുഷമ സ്വരാജിനെ സമീപിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായും ഇറാഖി ഭരണകൂടവുമായും സുഷമ സ്വരാജ് നടത്തിയ നിരന്തര ഇടപെടലിനൊടുവില്‍ ഭീകരരുടെ കസ്റ്റഡിയില്‍നിന്ന് നഴ്സുമാരെ ഇന്ത്യയിലെത്തിക്കാനുള്ള അവസരമൊരുങ്ങി. 24-ാം ദിവസം പ്രത്യേക വിമാനത്തില്‍ നഴ്സുമാര്‍ ഇന്ത്യയിലെത്തുമ്പോള്‍ കേരളം കരുതലിനും സ്‌നേഹത്തിനുമൊപ്പം സുഷമയുടെ ഭരണപാടവവും തിരിച്ചറിഞ്ഞു.

സുഷമ സ്വരാജിന്റെ ഫലപ്രദമായ ഇടപെടലാണ് നഴ്സുമാരെ രക്ഷിച്ചതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിക്കുന്നു. ഡല്‍ഹിയില്‍ ക്യാമ്പുചെയ്ത താന്‍ ദിവസവും അവരെ ചെന്നുകാണുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ അവിടെയുണ്ടാവും. നഴ്സുമാരെ രക്ഷിക്കാനുള്ള അക്ഷീണദൗത്യത്തിലായിരുന്നു അവര്‍. പ്രത്യേക വിമാനത്തില്‍ കേരള ഹൗസ് റെസിഡന്റ് കമ്മിഷണറും അഡീഷണല്‍ റെസിഡന്റ് കമ്മിഷണറും പുറപ്പെട്ടു. നഴ്സുമാരെ കൊച്ചിയില്‍ സ്വീകരിക്കാന്‍ താന്‍ ആലുവ ഗസ്റ്റ് ഹൗസില്‍ ക്യാമ്പു ചെയ്തു. ഇടയ്ക്കുവെച്ച് റെസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഫോണ്‍ വരുന്നു. ഇറാഖില്‍ വിമാനമിറക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു. അപ്പോള്‍ സമയം രാത്രി ഒന്നര. ഞാന്‍ ഉടന്‍ തന്നെ സുഷമ സ്വരാജിന്റെ വസതിയില്‍ വിളിച്ചു. ഫോണ്‍ എടുത്തത് അവര്‍ തന്നെയായിരുന്നു. പതിനഞ്ചു മിനിറ്റിനുള്ളില്‍ തിരിച്ചുവിളിക്കാമെന്ന് അവര്‍ അറിയിച്ചു. പറഞ്ഞസമയത്തുതന്നെ വിളിച്ചു. ആശയവിനിമയത്തിലെ ആശയക്കുഴപ്പമായിരുന്നുവെന്നും നഴ്സുമാര്‍ നിശ്ചയിച്ച സമയത്തുതന്നെ കേരളത്തിലെത്തുമെന്നും അവര്‍ ഉറപ്പുനല്‍കി. ഒരു ഭരണാധികാരിക്കുവേണ്ട കരുതലും കരുണയുമൊക്കെ സുഷമയില്‍ പ്രതിഫലിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി അനുസ്മരിക്കുന്നു. വ്യത്യസ്ത പാര്‍ട്ടികളിലാണെങ്കിലും അവരുമായി ഏറെ വര്‍ഷങ്ങളായി അടുപ്പം സൂക്ഷിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button