News

കാരുണ്യ ധനസഹായം തുടരുന്നതിനുള്ള ഗൈഡ്‌ലൈന്‍ പുറത്തിറക്കി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(KASP)യെക്കുറിച്ചും കാരുണ്യ ബനവലന്റ് ഫണ്ട് (KBF) മുഖേനയുള്ള പദ്ധതികളെക്കുറിച്ചും നിലനിന്നിരുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1.4.2019 മുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതോടെ ലോട്ടറി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വന്നിരുന്ന കാരുണ്യ പദ്ധതി തുടരുമോയെന്ന സംശയം ഉയര്‍ന്നിരുന്നു. കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ജൂലൈ 1 മുതല്‍ നിര്‍ത്തലാക്കിയതായി നികുതി വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് കാസ്പില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ കാരുണ്യയുടെ ആനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് (വരുമാനം 3 ലക്ഷത്തില്‍ താഴെ) ചികിത്സാ ആനുകൂല്യം നിക്ഷേധിക്കുന്നതായി ആരോപണം ഉയര്‍ന്നു. എന്നാല്‍ ഉടനെതന്നെ ധനകാര്യ വകുപ്പ് മന്ത്രി, നിലവില്‍ ആനുകൂല്യം കിട്ടിക്കൊണ്ടിരുന്ന ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും ഈ സാമ്പത്തിക വര്‍ഷം (മാര്‍ച്ച് 31 വരെ) കാരുണ്യ പദ്ധതിയില്‍ അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം ലഭ്യമാക്കുമെന്നും ഇതിനാവശ്യമായി വരുന്ന തുക ധനകാര്യ വകുപ്പ് ലഭ്യമാക്കുമെന്നും പ്രസ്താവിച്ചു. ഇതേ തുടര്‍ന്നും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ധനകാര്യ വകുപ്പ് മന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും യോഗത്തില്‍ വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുകയും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളത്. 06.8.2019 ല്‍ ഇറക്കിയ ഉത്തരവോടെ അതിന് മുമ്പ് ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകള്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ആര്‍.എസ്.ബി.വൈ. കാര്‍ഡ് ഉടമകള്‍ക്കും അവര്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കാര്‍ഡ് എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് കണക്കാതെ കാസ്പിന് കീഴിലുള്ള എല്ലാ എംപാനല്‍ഡ് ആശുപത്രികളിലും കാസ്പ് നിരക്കില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. ഈ സമയത്ത് പുതിയ കാസ്പ് കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. 2019 ജൂണ്‍ 30 വരെ കാരുണ്യ പദ്ധതി പ്രകാരം ചികിത്സാ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടേയും ജൂലൈ ഒന്നിന് ശേഷം അപേക്ഷ സമര്‍പ്പിച്ചവരുടേയും അപേക്ഷകള്‍ എപ്രകാരം കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഈ ഉത്തരവില്‍ വിശദമാക്കിയിട്ടുള്ളത്.

ജൂണ്‍ 30 വരെ ലഭിച്ച അപേക്ഷകളില്‍മേല്‍ നിലവിലുള്ള കാരുണ്യ ബനവലന്റ് ഫണ്ട് മാനദണ്ഡമനുസരിച്ച് ലോട്ടറി വകുപ്പിന്റെ കീഴിലുള്ള കെ.ബി.എഫ്. അഡ്മിനിസ്‌ട്രേറ്റര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. ജൂലൈ ഒന്നിന് ശേഷം വരുന്ന അപേക്ഷയിന്‍മേല്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ 3 ലക്ഷത്തില്‍ താഴെ റേഷന്‍ കാര്‍ഡില്‍ വാര്‍ഷിക വരുമാനമുള്ള കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും കാസ്പ് എംപാനല്‍ഡ് ആശുപത്രികളില്‍ നിന്ന് കാസ്പ് നിരക്കില്‍ 2 ലക്ഷം രൂപ (വൃക്കരോഗങ്ങള്‍ക്ക് 3 ലക്ഷം രൂപ) വരെ സൗജന്യ ചികിത്സ ലഭിക്കും. ഈ അപേക്ഷകള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക്കിന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വെരിഫൈ ചെയ്ത് അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കും.

കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതും എന്നാല്‍ കാസ്പില്‍ ഉള്‍പ്പെടാത്തതുമായ മാരക രോഗികള്‍ക്കും തുടര്‍ചികിത്സ ലഭ്യമാക്കും. ഇതിനായി ചെലവാകുന്ന തുക ധനകാര്യ വകുപ്പ് പ്രത്യേകമായി സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നതാണ്. പുതിയ സ്‌കീമിന്റെ ഭാഗമായി രോഗികള്‍ക്ക് ഉടനടി ചികിത്സ സഹായം ലഭിക്കുന്നതിന് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വരുമാനം നിര്‍ണയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ അനുവദിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യസ്ഥയില്‍ മാറ്റം വരുത്തി റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് ഇനി അര്‍ഹത നിശ്ചയിക്കുന്നത്.

അപേക്ഷാ ഫോമുകളുടേയും സത്യപ്രസ്താവനകളുടേയും മാതൃക ഈ ഗൈഡ്‌ലൈനിനോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രോഗികളുടെ ചികിത്സ സുഗമമാക്കുന്നതിന് കാസ്പ് പദ്ധതി പ്രകാരം എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികള്‍ക്ക് പുറമേ കാരുണ്യ അംഗീകൃത ആശുപത്രികളെയും ഡയാലിസിസ് സെന്ററുകളെയും കൂടി എംപാനല്‍ ചെയ്യാന്‍ സംസ്ഥാന ആരോഗ്യ ഏജന്‍സി നടപടികള്‍ സ്വീകരിക്കും. അര്‍ഹതയുള്ള ഒരു രോഗിക്കും ചികിത്സ സൗകര്യം നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button