ന്യൂഡല്‍ഹി: വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയുള്ള വിവാദമായ യു.എ.പി.എ(അണ്‍ലോഫുള്‍ ആക്‌ടിവിറ്റീസ് പ്രിവന്‍ഷന്‍) നിയമഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി അവതരിപ്പിച്ച ഭേദഗതി നിര്‍ദ്ദേശം ശബ്ദവോട്ടോടെ പാസായി.ചര്‍ച്ചയില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കോണ്‍ഗ്രസ് മോദി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തതോടെ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ 42 നെതിരെ 147 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്.
സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം 85നെതിരെ 104 വോട്ടുകള്‍ക്കാണ് തള്ളിയത്.എ.കെ ആന്റണിയും വയലാര്‍ രവിയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്തു. ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെ.യും എസ്.പിയും മുസ്‌ലിംലീഗും എതിര്‍ത്ത് വോട്ടു ചെയ്തു. അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കുന്നത് ദുരുപയോഗത്തിന് വഴിവയ്ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും കര്‍ശനമായ ഭീകര വിരുദ്ധ നിയമം വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ബില്ലിലെ ഒട്ടു മിക്ക വ്യവസ്ഥകളെയും കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു. വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളിലാണ് വിശദീകരണം വേണ്ടതെന്നും പറഞ്ഞു.നിയമം ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും എങ്ങനെയൊണ് ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കേണ്ടത് എന്നതിന് കൃത്യവും വ്യക്തവുമായ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അമിത്ഷാ മറുപടി നല്‍കി.
Post Your Comments