മഥുര: മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ യുപിയില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഭാര്യയെ മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മുത്തലാഖ് നിരോധന ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണിത്. ബില്ലിന് വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഭാര്യയെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിക്കാണ്ടുള്ള ബില്‍ നിയമമായതിനു ശേഷമുള്ള ആദ്യ കേസാണിത്. മഥുര പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇക്രം എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന തര്‍ക്കമാണ് ഇയാള്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ കാരണമായത്. തര്‍ക്കം തീര്‍ക്കാന്‍ ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇക്രം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നും പരാതിയില്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പാണ് ഹരിയാനയിലെ നുഹ് ജില്ലയിലെ താമസക്കാരനായ ഇക്രം ജുമിറത്തിനെ വിവാഹം ചെയ്തത്. തുടര്‍ന്ന്, ഒരു ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഥുരയിലെ കോസി കാലന്‍ ടൗണിലെ കൃഷ്ണ നഗര്‍ പ്രദേശത്ത് താമസിക്കുന്ന ഭാര്യയുടെ മാതാപിതാക്കളില്‍ നിന്നായിരുന്നു ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. ഭര്‍ത്താവില്‍ നിന്നുള്ള നിരന്തരം പീഡനത്തെ തുടര്‍ന്ന് യുവതി തന്റെ സ്വന്തം വീട്ടിലേക്ക് തിരികെ എത്തുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഈ ദമ്പതികളെ താന വനിതാ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയെന്നും സബ് ഇന്‍സ്‌പെക്ടര്‍ രുചി ത്യാഗി പറഞ്ഞു. നിരവധി കൗണ്‍സിലിങ്ങുകള്‍ക്ക് ശേഷം ഇരുവരും ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തു. ജൂലൈ 30ന് പൊലീസ് ഇരുവരെയും വീണ്ടും വിളിച്ചു വരുത്തി. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ നിന്ന് ദമ്പതികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീധനം മുഴുവനായി തന്നു തീര്‍ക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ഭാര്യയുടെ അമ്മ അറിയിച്ചു. ഉടന്‍ തന്നെ ഇക്രം ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുകയായിരുന്നു. പുതിയ നിയമപ്രകാരം കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവ് പ്രതിക്ക് ലഭിക്കും
Post Your Comments