\തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴിയാക്കിയപ്പോള്‍ ആദ്യദിവസം നിക്ഷേപയിനത്തില്‍ എത്തിയത് ഏകദേശം 200 കോടിയിലേറെ രൂപ. 500 കോടി രൂപയുടെ ശമ്പള ബില്ലുകളാണ് വ്യാഴാഴ്ച മാറിയത്.
48 വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളമാണ് എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലൂടെ ഈ മാസം മുതല്‍ നല്‍കുന്നത്. ഇവര്‍ക്ക് കൂടുതല്‍ പലിശ നല്‍കി പണം ട്രഷറിയില്‍ തന്നെ കരുതി മാസത്തിലെ ആദ്യ ദിവസത്തിലെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പുതിയ സമ്പ്രദായം പരാതികളില്ലാതെ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞതായി ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍ പറഞ്ഞു. അടുത്ത മാസത്തോടു കൂടി എല്ലാ വകുപ്പുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനാണ് സാധ്യത.
19 വകുപ്പുകളിലെ രണ്ട് ലക്ഷത്തോളം ജീവക്കാര്‍ക്കാണ് ശമ്പളവിതരണത്തിന്റെ ആദ്യ ദിവസം തന്നെ ശമ്പളം നല്‍കുന്നത്. ഇടിഎസ്ബി അക്കൗണ്ടുവഴി ശമ്പളവിതരണം നടപ്പിലാക്കിയ 48 വകുപ്പുകളില്‍ 18 വകുപ്പുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
ശമ്പളച്ചെലവിന്റെ നാലിലൊന്ന് തുകയെങ്കിലും മാസത്തിന്റെ പകുതിവരെ ട്രഷറിയില്‍ തന്നെ പിടിച്ച് നിര്‍ത്താനാണ് ശ്രമം. 15 ദിവസമെങ്കിലും സൂക്ഷിക്കുന്ന പണത്തിനാണ് ആറുശതമാനം പലിശ ലഭിക്കുക. ട്രഷറിയില്‍ പണം സൂക്ഷിക്കാന്‍ സമ്മതം നല്‍കാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെത്തന്നെ ശമ്പളം നല്‍കി. ഇത്തരത്തില്‍ ട്രഷറിയില്‍ സൂക്ഷിക്കുന്ന പണം ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.
Post Your Comments