സൊമാറ്റോ ഡെലിവറി ബോയിയുടെ മതത്തെച്ചൊല്ലി യുള്ള വിവാദം രാജ്യം വളരെയേറെ ചർച്ച ചെയ്ത വിഷയമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പങ്കുവെക്കുകയാണ്പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്. പ്രസവത്തിനും ചികിത്സയ്ക്കുമായി മുസ്ലീം ഡോക്ടറെ കാണമെന്ന് ഉപദേശിക്കുന്ന മതപണ്ഡിതന്‍റെ പരാമര്‍ശത്തെ മുമ്പ് വിമര്‍ശിച്ച അനുഭവമാണ് ബഷീര്‍ വിവരിക്കുന്നത്.
അന്ന് തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ ഇന്ന് സൊമാറ്റോ വിഷയത്തില്‍ ഭക്ഷണം റദ്ദാക്കിയയാളെ വിമര്‍ശിക്കാന്‍ മുന്നിലുണ്ടെന്നാണ് ബഷീര്‍ പറയുന്നത്. ഡോക്ടര്‍ മുസ്ലിമാകണമെന്ന് പറയുന്നതും പാര്‍സല്‍ കൊണ്ട് വരുന്നവന്‍ ഹിന്ദുവാകണമെന്ന് പറയുന്നതും ഒരേ രോഗത്തിന്റെ മൂര്‍ച്ചിച്ച രൂപമാണെന്നാണ് ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
പോസ്റ്റ് ഇങ്ങനെ:
സൊമാറ്റോ വിവാദവുമായി ബന്ധപ്പെട്ട് ഇതുകൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
മുമ്പൊരു മുസ്‌ലിം പണ്ഡിതൻ പ്രസംഗിച്ചു. നിങ്ങളുടെ ഭാര്യമാരെ മുസ്‌ലിം ഗൈനക്കോളജിസ്റ്റിനെ മാത്രമേ കാണിക്കാവൂ എന്ന്.. കുറച്ച് ദൂരം യാത്ര ചെയ്തിട്ടാണെങ്കിലും അവരെ കാണിക്കാൻ ശ്രമിക്കണം. ഒരു നിവൃത്തിയുമില്ല എങ്കിൽ പിന്നെ ഹിന്ദു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം. അവരും ഇല്ലെങ്കിൽ പിന്നെ ഒരു മുസ്‌ലിം പുരുഷ ഡോക്ടറെ നോക്കുക, അതും കിട്ടിയില്ലെങ്കിൽ മാത്രമേ പിന്നെ ഹിന്ദു ഡോക്ടറുടെ അടുത്ത് പോകാവൂ.. പ്രസവത്തിനാണെങ്കിലും മറ്റ് രോഗങ്ങൾക്കാണെങ്കിലും മുസ്‌ലിം ഡോക്ടറുണ്ടോ എന്ന് നോക്കണം. അതാണ് നമ്മുടെ ശരീഅത്ത് സംരക്ഷിക്കാൻ വേണ്ടത്..
അന്നത് വലിയ വിവാദമായിരുന്നു. ഈ പണ്ഡിതന്റെ പരാമർശത്തെ എതിർത്ത് കൊണ്ട് ഞാനൊരു പോസ്റ്റിട്ടപ്പോൾ ആ പോസ്റ്റിനെ വിമർശിച്ചു കൊണ്ടും പണ്ഡിതൻ പറഞ്ഞതിനെ ന്യായീകരിച്ചു കൊണ്ടും കുറെ പേർ വന്നിരുന്നു. അവരിൽ പലരും ഡെലിവറി ബോയ് മുസ്ലിമായതിനാൽ ഫുഡ് പാർസൽ വേണ്ടെന്ന് പറഞ്ഞ മോദി ഭക്തനെ കണക്കിന് വിമർശിക്കുന്നവരായിരിക്കും എന്നതാണ് തമാശ.
ഡോക്ടർ മുസ്ലിമാകണം എന്ന് പറയുന്നതും പാർസൽ കൊണ്ട് വരുന്നവൻ ഹിന്ദുവാകണം എന്ന് പറയുന്നതുമൊക്കെ ഒരേ രോഗത്തിന്റെ മൂർച്ഛിച്ച രൂപമാണ്. ഒരേ ചികിത്സയാണ് ഈ രണ്ട് രോഗത്തിനും വേണ്ടത്. നമ്മുടെ പക്ഷം അതിതീവ്രതയിലേക്ക് പോകുമ്പോൾ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുക, മറുപക്ഷം അതേ നിലപാട് എടുക്കുമ്പോൾ പ്രതിഷേധവുമായി രംഗത്ത് വരിക.. അതിൽ ഇരട്ടത്താപ്പുണ്ട്.
ചെയ്യേണ്ടത് ഇത്രയുമാണ്, ഓരോ മത വിഭാഗങ്ങളിലും ഇത്തരം തീവ്ര ചിന്താഗതിയുടെ വിത്തുകൾ മുളക്കുന്നത് കണ്ടാൽ ആ വിത്തുകളെ ഉടനെ പിഴുതെറിയാൻ അതേ മതവിഭാഗത്തിലുള്ളവർ തന്നെ ശ്രമിക്കണം.. അവർക്കാണ് അത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുക.. മുസ്ലിംകൾക്കിടയിലാണെങ്കിലും ഹൈന്ദവർക്കിടയിലാണെങ്കിലും ക്രൈസ്തവർക്കിടയിലാണെങ്കിലും അത് വേണം.. മുസ്‌ലിം തീവ്രവാദത്തിന്റെ ലക്ഷണങ്ങളെ വിമർശിച്ചു കൊണ്ട് തുടരെത്തുടരെ പോസ്റ്റുകൾ എഴുതിയിരുന്ന കാലത്ത് നിങ്ങൾക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ചവരോട് ഞാനിക്കാര്യമായിരുന്നു ഉണർത്തിയിരുന്നത്. ഒരു വിശ്വാസി എന്ന നിലക്കുള്ള എന്റെ ഉത്തരവാദിത്വമാണ് അതെന്നാണ് പറഞ്ഞിരുന്നത്..
ചുരുക്കത്തിൽ രോഗത്തെ തിരിച്ചറിയാൻ ശ്രമിക്കണം.. രോഗം വരുന്ന വഴികളെ മനസ്സിലാക്കാൻ ശ്രമിക്കണം.. സ്വന്തം പക്ഷത്തായാലും മറുപക്ഷത്തായാലും.. അവക്കെതിരെ നില കൊള്ളണം..
മനുഷ്യരെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മാത്രമായി കാണുന്നതിന് പകരം മനുഷ്യരെ മനുഷ്യരായി കാണുവാൻ പഠിക്കണം.. അതിന് നമുക്ക് കഴിഞ്ഞാൽ നാം ജീവിക്കുന്ന ലോകം സ്വർഗ്ഗമായി മാറും.. അതല്ലെങ്കിൽ അത് നരകവുമാകും.
Post Your Comments