ന്യൂഡൽഹി: അയോധ്യാ ഭൂമിത്തർക്ക വിഷയത്തിൽ കേസ് ഇന്ന് സുപ്രീം കോടതി പരിഗണയിൽ. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥസമിതി കൈമാറിയ റിപ്പോർട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിഗണിക്കും. മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്നാണ് സൂചന. ചർച്ചകളിൽ സമവായമില്ലെങ്കിൽ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്.
അവസാന അവസരമെന്ന നിലയിലാണ് ജൂലൈ മുപ്പത്തിയൊന്ന് വരെ സമയം നൽകിയത്. അതിനാൽ മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാകും മറ്റ് നടപടികൾ. ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ അന്തിമവാദം വൈകാതെ തന്നെ സുപ്രീംകോടതിയിൽ ആരംഭിക്കും. മധ്യസ്ഥ ചർച്ചകൾക്ക് കോടതി അനുവദിച്ച സമയപരിധി ബുധനാഴ്ച്ച അവസാനിച്ചിരുന്നു. ഇനി മധ്യസ്ഥതയ്ക്ക് സമയം അനുവദിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഭരണഘടനാ ബെഞ്ച് നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർക്ക് രേഖകൾ തയാറാക്കി വയ്ക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. അയോധ്യയിലെ വിവാദഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീംകോടതിയിലുള്ളത്.
Post Your Comments