ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക് മാറ്റുമെന്ന നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-ന് പെണ്‍കുട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി.
കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസ് സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി ആവശ്യപ്പെട്ടു. സിബിഐ സീനിയര്‍ ഉദ്യോഗസ്ഥനോട് കോടതിയില്‍ എത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.
ആവശ്യമെങ്കില്‍ സിബിഐ ഉദ്യോ?ഗസ്ഥന് ചീഫ് ജസ്റ്റിസ് ചേംബറില്‍ പ്രത്യേക സിറ്റിങ്ങ് ആവശ്യപ്പെടാം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ ഹാജരാക്കണം. അതിന് ശേഷം ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കും. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെണ്‍കുട്ടി അയച്ച കത്ത് സുപ്രീംകോടതി സിബിഐക്ക് കൈമാറും.
Post Your Comments