KeralaLatest News

‘ചാനലിന്റെ പേര് അങ്ങേര് പറഞ്ഞാല്‍ റേറ്റിംഗ് കൂടും, അതോണ്ട് പറയുന്നില്ല’-മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡോ. ഷിംന അസീസ്

ഒരു പ്രമുഖ ചാനലില്‍ ഉടന്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലെ തന്റെ വാദങ്ങള്‍ സ്വബോധത്തോടെയല്ല എന്ന വാദമുയര്‍ത്തി വിവാദ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയതിനെതിരെ ഡോ. ഷിംന അസീസ്. ചാനലിലെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കുടിവെള്ളം എന്നപേരില്‍ എല്ലാവര്‍ക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസില്‍ എന്തോ തന്നുവെന്നും അതോടെ പിന്നീട് താന്‍ പറയുന്നതൊന്നും സ്വബോധത്തോടെ ആയിരുന്നുമില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറയുന്നത്. പരിപാടി കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയില്ല. അത് സംപ്രേഷണം ചെയ്യരുതെന്ന് പലതവണ പറഞ്ഞിട്ടും ചാനല്‍ അധികൃതര്‍ കേട്ടില്ലെന്നുമായിരുന്നു മോഹനന്‍വൈദ്യരുടെ വാദം. എന്നാല്‍ ഇതിനെതിരെ പരിഹാസരൂപേണയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുമായാണ് ഡോ. ഷിംന രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട മലയാളം വാർത്താ ചാനലുകളേ, നിങ്ങളോട്‌ ഞാൻ പിണക്കമാ. മിണ്ടൂലാന്ന്‌ പറഞ്ഞാ മിണ്ടൂല.

നിപ്പ കാലത്തും MR വാക്‌സിനേഷൻ സമയത്തുമൊക്കെ അറഞ്ചം പുറഞ്ചം നിങ്ങളുടെ ഇടയിൽ ഓടി നടന്നിട്ട്‌ പച്ചവെള്ളം നിങ്ങളെനിക്ക്‌ തന്നോ? ലൈവിനും ടോക്‌ഷോക്കും ഒക്കെ വന്നിരുന്നിട്ട്‌ ഒരു ഗ്ലാസ്‌ കട്ടൻചായയും ഒരു പിടി മിച്ചറും തരാനുള്ള മര്യാദയെങ്കിലും നിങ്ങൾ കാണിച്ചോ? എന്നിട്ട്‌ ആ മോഹനൻ പൈത്യർ വന്നിരുന്നപ്പോ നിങ്ങൾ മത്ത്‌ പിടിക്കുന്ന വെള്ളം വേറെ ടൈപ്പ്‌ ഗ്ലാസിൽ കലക്കി കൊടുത്തേക്കുന്നു. അങ്ങേരെ മദോൻമത്തനാക്കിയല്ലെ നിങ്ങൾ ആ ഷോ ഷൂച്ച്‌ ചെയ്‌തത്‌? മറുവശത്ത്‌, ദാഹിച്ച്‌ വലഞ്ഞ്‌ ലൈവ്‌ ക്യാമറക്ക്‌ മുന്നിൽ എന്നെയിരുത്തിയ നിങ്ങളോടൊക്കെ ദൈവം ചോദിക്കും കാലമാടൻമാരേ.

നിങ്ങളും IMAക്കാരും അമ്മായിയും (ആ അമ്മായിയല്ല ഹേ, AMAI- Ayurveda Medical Association of India. അവരെ അമ്മായീന്ന്‌ വിളിച്ചതിനുള്ള വടി വെട്ടാൻ ആയുർവേദക്കാര്‌ പോയിട്ടുണ്ടെന്നാണ്‌ പറയാൻ പറഞ്ഞു) പിന്നെ കുറേ ഡോക്‌ടർമാരും ചേർന്ന്‌ അങ്ങേരെ തേജോവധം ചെയ്‌തത്‌ ഞങ്ങൾ ആരാധകർ പുറത്തറിയാൻ അങ്ങേർടെ കിക്ക്‌ മാറി ലൈവ്‌ വരേണ്ടി വന്നു. ഇല്ലേൽ കാണായിർന്ന്‌.

ന്റെ സംശയം എന്താച്ചാൽ, ചാനൽകാര്‌ പീഡിപ്പിച്ചു എന്ന്‌ പറഞ്ഞ്‌ തുടങ്ങിയ മൂപ്പരുടെ പേജിലെ നെലോളിക്കുന്ന വീഡിയോ കുറച്ചങ്ങ്‌ കഴിഞ്ഞപ്പോ കിഡ്‌നിയെക്കുറിച്ച്‌ വിശേഷങ്ങളായി. കിഡ്‌നി 1.2യും നാലും ഒക്കെയായിട്ടും പുള്ളി ചികിത്സിച്ച്‌ കിടിലം ആക്കീട്ടുണ്ടത്രേ. 1.2, 4 ഒക്കെ എന്ത്‌ സാധനാന്ന്‌ പറയുന്നില്ല. വല്ല വാഴക്കയോ വാളൻപയറോ വെള്ളരിയോ മറ്റോ ആവും. ഇനി ക്രിയാറ്റിനിന്റെ കാര്യായിരിക്കുമോ? ആ പോട്ട്‌, മൂപ്പർ കോളേജിൽ പോയിട്ടില്ലാത്ത പാവം നാടൻ ചികിത്സകനാണല്ലോ. നമ്മള്‌ ക്ഷമിക്കണം, പൊറുക്കണം. (തേങ്ങുന്നു, മൂക്ക്‌ പിഴിയുന്നു)

ഡയാലിസിസ് തുടങ്ങിയ ആരും ഇന്നേ വരെ രക്ഷപ്പെട്ടിട്ടില്ലത്രേ ! മോഹനേട്ടാ, കിഡ്‌നി വർക്ക്‌ ചെയ്യാത്തതിന്‌ മാത്രമല്ല ഡയാലിസിസ്‌ ചെയ്യുന്നത്‌. അണലിവിഷബാധക്കുള്ള ചികിത്സ, ശരീരത്തിലെ പൊട്ടാസ്യം അളവിന്റെ വ്യതിയാനം, വിഷാംശങ്ങൾ നീക്കം ചെയ്യാൻ എന്ന്‌ തുടങ്ങി ഒരുപാട് ആവശ്യങ്ങൾക്ക്‌ ഡയാലിസിസ് ചെയ്യാറുണ്ട്‌. അവരിലൊരുപാട്‌ പേർ പയറ്‌ പോലെ നമുക്കിടയിൽ നടക്കുന്നുമുണ്ട്‌. അവയവദാനം സ്വീകരിച്ചവരും സുഖമായി ജീവിക്കുന്നുണ്ട്‌. വെറുതേ വല്ലതും വിളിച്ച്‌ പറയരുത്‌.

”ഞാൻ പഠിക്കാത്തവനല്ലേ, ഞാൻ വല്ലതുമൊക്കെ പറയൂലേ, അവർക്ക്‌ ലോജിക്‌ മനസ്സിലാക്കിയാൽ പോരേ, അതിനല്ലേ ഭാഷ” എന്നൊക്കെ പറയുമ്പോൾ ഈ മാതിരി ഒരു ഐറ്റത്തിന്‌ പരീക്ഷിക്കാൻ സ്വന്തം ശരീരം വിട്ട്‌ കൊടുക്കുന്നതിലെ റിസ്‌ക്‌ കൂടിയൊന്ന്‌ മനസ്സിലാക്കിയാൽ നല്ലത്‌. അമ്മി, ഉരല്‌, ഉലക്ക, ആചാരം, പഴേ രീതി എന്നൊക്കെ പുട്ടിന്‌ പീര ഇടുന്നത്‌ പോലെ പരസ്‌പരബന്ധമില്ലാതെ പറയുന്നുമുണ്ട്‌. ഒരു ടോക്‌ഷോക്ക്‌ ഉത്തരം മുട്ടിപ്പോയെന്ന്‌ വെച്ച്‌ ഇങ്ങനെ മനുഷ്യന്റെ കിളി പോകുമോ ! എന്തോന്നിത്‌ ?

ചാനലിന്റെ പേര്‌ അങ്ങേര്‌ പറഞ്ഞാൽ റേറ്റിംഗ്‌ കൂടും , അതോണ്ട്‌ പറയുന്നില്ല എന്നൊക്കെ കേട്ടു. അല്ലാതെ മൂപ്പർക്ക്‌ പേടിയായിട്ടൊന്നുമല്ല. ആരെക്കൊണ്ടൊക്കെയോ അത്‌ ടെലികാസ്‌റ്റ്‌ ചെയ്യിക്കരുത്‌ എന്ന്‌ വിളിച്ച്‌ പറയിച്ചു, അവിടെ ഏതോ ശാസ്‌ത്രജ്‌ഞൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ചു, പേടിപ്പിച്ചു, പീഡിപ്പിച്ചു… ഹോ, തൊണ്ടയിടറിക്കൊണ്ടുള്ള ആ ലൈവ്‌ കണ്ട്‌ കരച്ചിലടക്കാൻ ഞങ്ങൾ ഫാൻസ്‌ പെട്ട പാട്‌…

എടോ ചാനലുകാരാ, എനിക്ക്‌ വെള്ളം തരാതെയും അങ്ങേരെ വെള്ളം കുടിപ്പിച്ചും (അക്ഷരാർത്‌ഥത്തിൽ) നിങ്ങളൊക്കെ ചെയ്യുന്ന ഈ കൊടുംക്രൂരതയുണ്ടല്ലോ… നിങ്ങളുടെ ഈ ഒലക്കമ്മലെ പക്ഷപാതമുണ്ടല്ലോ… അനുഭവിക്കും… ഉറപ്പായും നിങ്ങളെ കോക്കാച്ചി കടിക്കും. കണ്ടോ. ഹും.

ഗദ്‌ഗദകണ്‌ഠയായി,
Dr.Shimna Azeez

(പരിപാടി ഈ ഞായറാഴ്‌ച (04-08-19) രാത്രി എട്ടരക്ക്‌ ന്യൂസ്‌ 24 ചാനലിലാണ്‌ – ജനകീയകോടതി )

https://www.facebook.com/DrShimnaAzeez/posts/2165725213721605?__xts__%5B0%5D=68.ARDyuY9v3kr-ovGAKy6AIAa6T8Gb-g9kdAgjT49s_tQJ-lsiHhD5SECVDhXwV7wcq_AwevEJ6DjG5WGt5-mHyRBdDvbOnyPseo0d4iKpjWEjJyw2L6tIfSJsEANkKZq9I-oRGjkpgXEiZ6ML9RDZKDg-yc2D90ncGxIxJ99P1nclNVuJ43r86g36iuNTHWkjrwOR4dQoAaEzKeiuvgknt8N8bmAYX3CvTrQO26cf9o9pfKT7utyw68qHXCbrSewhQsKx4KeY3uEWWu2BZwu7Bcw1NKWTeSsOISCtaFIwKbrouyni34tdoErz5UbDJ7t_dLQaufcDSK1X54xCk-l6PLV_&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button