വയലില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകര്‍ ആ വന്‍മുഴക്കം കേട്ട് ജീവനും കൊണ്ടോടുകയായിരുന്നു. ബിഹാറിലെ മഹാദേവ ഗ്രാമത്തിലാണ് ഉല്‍ക്കപതനം സംഭവിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഭൂമിയിലേക്ക് ഉല്‍ക്കാശില പതിക്കാറുള്ളതെന്ന് നാസ സ്ഥിരീകരിച്ചു. ശിലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കി. ബുധനാഴ്ചയാണ് ഉല്‍ക്ക കൃഷിയിടത്തില്‍ പതിച്ചത്. ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് ഏകദേശം നാലടി ആഴത്തില്‍ വയലില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്.
പാറക്കഷണം പോലെയാണെങ്കിലും ഇവയ്ക്കു ഭാരമേറും. മാത്രവുമല്ല ഭൂമിക്കു നേരെ തീപിടിച്ചു പാഞ്ഞെത്തിയതിനാല്‍ ചൂടേറി പല ഭാഗങ്ങള്‍ക്കും നല്ല തിളക്കമായിരിക്കും. അത്തരം തിളക്കമേറിയ ചില കഷണങ്ങളും ബിഹാറിലെ പാടത്തു നിന്നു ലഭിച്ചു. അടിസ്ഥാനപരമായി ബഹിരാകാശത്തു നിന്നെത്തുന്ന പാറകള്‍ എന്നു തന്നെ വിളിക്കാം ഉല്‍ക്കാശിലകളെ. ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹങ്ങളുടെയും വാല്‍നക്ഷത്രങ്ങളുടെയുമെല്ലാം ഭാഗമാണിത്.
2013ല്‍ റഷ്യയിലെ യൂറല്‍സ് മേഖലയില്‍ വന്നുവീണ ഒരു ഉല്‍ക്കാശില പൊട്ടിത്തെറിച്ച് ആയിരത്തിലേറെ പേര്‍ക്കു പരുക്കേറ്റിരുന്നു. ഒട്ടേറെ കെട്ടിടങ്ങള്‍ക്കും അന്നു കേടുപാടുകള്‍ സംഭവിച്ചു. 2016ല്‍ തമിഴ്‌നാട്ടില്‍ ഉല്‍ക്ക വീണ് ഒരു ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ നാസ അതിനെ തള്ളിക്കളഞ്ഞു. ബിഹാറിലേതു പക്ഷേ ഉല്‍ക്കാശിലയാണെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്മേല്‍ കൂടുതല്‍ ഗവേഷണത്തിനും ഒരുങ്ങുകയാണ് അധികൃതര്‍.
നിലവില്‍ ബിഹാര്‍ മ്യൂസിയത്തിലാണ് ഉല്‍ക്കാശില സൂക്ഷിച്ചിരിക്കുന്നത്. വൈകാതെ തന്നെ ബിഹാറിലെ ശ്രീകൃഷ്ണ സയന്‍സ് സെന്ററിലേക്ക് ഇതു മാറ്റുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഉല്‍ക്കാശില തന്നെയാണിതെന്ന് ഉറപ്പിക്കാനുള്ള പരിശോധനയ്ക്കു വേണ്ടിയാണിത്. പൊട്ടിത്തകര്‍ന്ന അവസ്ഥയിലായിരുന്നു ഉല്‍ക്കാശില. ഇതിന്റെ വലുപ്പമേറിയ കഷണമാണ് മ്യൂസിയത്തിലെത്തിച്ചത്. ആദ്യകാഴ്ചയില്‍ സാധാരണ പാറ പോലെയാണ് ഉല്‍ക്കാശിലയുടെയും രൂപം. എന്നാല്‍ ഇവയ്ക്കു സമീപം ഇരുമ്പ് കൊണ്ടുവന്നാല്‍ ഒട്ടിപ്പിടിക്കുംഈ കാന്തികസ്വഭാവമാണ് ഇവ ഉല്‍ക്കാശിലയാണെന്നു സ്ഥിരീകരിക്കാനുള്ള പ്രധാന തെളിവ്.
Post Your Comments