തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖ വകുപ്പുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 1,42,921 പുരാരേഖകള്‍. 5000 വര്‍ഷം പഴക്കമുള്ള ഓട്ടുകാലണ മുതല്‍ 100 വര്‍ഷം പഴക്കമുള്ള മെതിയടി വരെ ഇതില്‍പ്പെടുന്നു.
ആകെ 37,901 താളിയോലകളാണ് കണ്ടെത്തിയത്. ജാതകം, ഗ്രന്ഥങ്ങള്‍, വിഷചികിത്സ, ആയുര്‍വേദം, മന്ത്രങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നീ ഇനങ്ങളിലുള്ളതാണ്. 25-100 വര്‍ഷം പഴക്കമുള്ള 25287 സാധനങ്ങൾ കണ്ടെത്തി.101-500 വര്‍ഷം പഴക്കമുള്ളത്- 4,583 സാധനങ്ങൾ. 500 വര്‍ഷത്തിന് മുകളിലുള്ളത്- 632. കാലപ്പഴക്കം നിര്‍ണയിക്കാന്‍ കഴിയാത്തത്- 7399
തമിഴ്, മലയാളം, സംസ്‌കൃതം, അറബി ഭാഷകളില്‍ എഴുതിയവയാണ് താളിയോല ഗ്രന്ഥങ്ങളില്‍ ഏറെയും. അച്ചടിക്കപ്പെട്ട അപൂര്‍വ ഗ്രന്ഥങ്ങളുടെ ഇനത്തില്‍ 8,819 രേഖകളും ന്യൂസ്‌പേപ്പര്‍, മാസികകള്‍ ഇനത്തില്‍ 18,065 രേഖകളുമുണ്ട്. രാജ്യസമാചാര്‍, ലണ്ടന്‍ ഗസറ്റ്, ബോംബെ സമാചാര്‍ എന്നീ പത്രങ്ങളുടെ പ്രതികളും മുള, ചെമ്പ് തകിട്, തുകല്‍, തുണി, പാത്രങ്ങള്‍ എന്നിവയില്‍ എഴുതിയ 6,401 പുരാരേഖകളും ജനകീയ മുന്നേറ്റങ്ങളുടെയും പ്രാദേശിക സമരങ്ങളുടെയും 53,546 രേഖകളും കണ്ടെത്തിയതില്‍പ്പെടും.ഗവ.എച്ച്‌എസ്‌എസ് കുറ്റൂരിലെ സര്‍വേയില്‍ ഗ്രീക്ക് ഭാഷയിലുള്ള ബൈബിള്‍ ലഭിച്ചു.
എറണാകുളം കൊമ്ബനാട് പൂന്തോപ്പ് മഠത്തില്‍ എന്‍ ശങ്കരന്‍കുട്ടിയുടെ വീട്ടില്‍ നിന്നും വിഷചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന അണലിവേഗം എന്ന പച്ചമരുന്ന് കണ്ടെത്തി. ചെങ്ങന്നൂര്‍ ജിജിഎച്ച്‌എസ്‌എസിലെ പഠിതാക്കള്‍ നടത്തിയ സര്‍വേയില്‍ 1000 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള മഞ്ചല്‍, ചിരവ, 500 വര്‍ഷം പഴക്കമുള്ള കാല്‍ചിലമ്പ് , തള, വാള്‍, അരയില്‍ കെട്ടുന്ന മണി എന്നിവയും കണ്ടെത്തി.സര്‍വേയില്‍ കണ്ടെത്തിയ പുരാരേഖകളും പുരാവസ്തുക്കളും സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലാണ്.
ഇവ നഷ്ടപ്പെടാതെ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനു സാങ്കേതിക അറിവുകള്‍ ഉടമസ്ഥര്‍ക്ക് നല്‍കുക തുടങ്ങിയ ശുപാര്‍ശകളും സാക്ഷരതാമിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 മെയ് ഒമ്പതിന് കവി ഒ എന്‍ വി കുറുപ്പിന്റെ വഴുതക്കാട്ടെ വസതിയില്‍ നിന്നാണ‌് സര്‍വേ ആരംഭിച്ചത്. സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലെ 37951 പഠിതാക്കളാണ് സര്‍വേ ടീം അംഗങ്ങളായി പ്രവര്‍ത്തിച്ചത്. 42635 വീടുകളിലും 1259 സ്ഥാപനങ്ങളിലും സര്‍വേ നടത്തി.
Post Your Comments