തിരുവനന്തപുരം : മഹത്തായ പാരമ്പര്യമുള്ള യൂണിവേഴ്‌സിറ്റി കോളജിനെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വെച്ച് പൂര്‍ണമായി തകര്‍ക്കാനും ഇല്ലാതാക്കാനും ചില കോണുകളില്‍ നിന്നു നടത്തുന്ന ശ്രമം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോരായ്മകള്‍ പരിഹരിക്കും. പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. യൂണിവേഴ്‌സിറ്റി കോളജ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും.
കോളജുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നുമാണു സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാനത്തെ കോളജുകളില്‍ അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും മുന്നിലാണു യൂണിവേഴ്‌സിറ്റി കോളജ്. രാജ്യത്തെ മികച്ച ഗവ.കോളജുകളില്‍ മുന്‍നിരയിലാണിത്. എ ഗ്രേഡ് നാക് അക്രഡിറ്റേഷനുണ്ട്. ഏറ്റവും മിടുക്കരായ കുട്ടികളാണ് അവിടെ പഠിക്കുന്നത്. തെറ്റായ പ്രവണത ശ്രദ്ധയില്‍പെട്ടാല്‍ ആ സ്ഥാപനം തന്നെ വേണ്ടെന്നു വയ്ക്കാനാകുമോ. എലിയെപ്പേടിച്ച് ഇല്ലം ചുടാനാവില്ല. യൂണിവേഴ്‌സിറ്റി കോളജിനെ മികച്ച സാഹചര്യത്തില്‍ എത്തിക്കാന്‍ സഹായകമായ നിലപാട് എല്ലാവരില്‍ നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
93 ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ക്കു മാത്രം ബിഎസ്സിക്കും 80 ശതമാനത്തിനു മുകളിലുള്ളവര്‍ക്കു മാത്രം ബിഎയ്ക്കും പ്രവേശനം ലഭിക്കുന്ന കോളജ് ആണിത്. 90 ശതമാനത്തിലേറെ മാര്‍ക്കുള്ളവര്‍ക്കേ പിജിക്ക് പ്രവേശനമുള്ളൂ. കഴിഞ്ഞ വര്‍ഷം 32 റാങ്കുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഡിഗ്രിക്ക് 75, പിജിക്ക് 95 എന്നിങ്ങനെയാണു വിജയശതമാനം. അവിടെ നിര്‍ഭാഗ്യകരമായ പ്രശ്‌നങ്ങളും അക്രമവും ഉണ്ടായി. ഇക്കാര്യത്തില്‍ ആരെയും സംരക്ഷിക്കുന്ന പ്രശ്‌നമില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. കോളജില്‍ ഒരു വിധത്തിലുള്ള അക്രമ പ്രവര്‍ത്തനവും അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ പേര് പറഞ്ഞ് യാതൊരു വിധ അഴിഞ്ഞാട്ടവും നടത്താന്‍ അനുവധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments