അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിനിടെ വന്‍തുക ബെറ്റ് വച്ച് തോറ്റയാളെ പണം നല്‍കാത്തതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. അഹമ്മദാബാദിനടുത്ത് ഗോടയില്‍ ന്യൂ ആഷിയാനയിലെ താമസക്കാരിയായ കാജല്‍ വ്യാസ്(34) ആണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കിയത്. കാജലിന്റെ പരാതിയില്‍ നിലേഷിനെ തട്ടിക്കൊണ്ടുപോയ വിജയ് ചവ്ദയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
ക്രിക്കറ്റ് ലോകകപ്പിനിടെ ബെറ്റ് വച്ച് 15 ലക്ഷം രൂപയുടെ കടമാണ് നിലേഷ് ഉണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഇവര്‍ കുടുംബസമേതം അഹമ്മദാബാദിലേക്ക് താമസം മാറി. രാജ്കോട്ട് സ്വദേശിയായ വിജയ് ചവ്ദയ്ക്ക് ബെറ്റ് വച്ച വകയില്‍ പത്ത് ലക്ഷം രൂപയാണ് നിലേഷ് നല്കാനുണ്ടായിരുന്നത്. കുടുംബസമേതം നാടുവിട്ടതിനെ തുടര്‍ന്ന് നിലേഷിനെ തേടി വിജയ് ചാവ്ദ അഹമ്മദാബാദിലെത്തി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നിലേഷിന്റെ സഹോദരന് ജിഗ്നേഷാണ് ചാവ്ദയും സംഘവും നിലേഷിനെ തട്ടിക്കൊണ്ടുപോയതായി കാജലിനെയും പിതാവിനെയും അറിയിച്ചത്.
ഒരു വെള്ളക്കാറിലെത്തിയ സംഘം നിലേഷിനെ ഇതിലേക്ക് ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഏതാണ്ട് 45 മിനിറ്റുകള്‍ക്ക് ശേഷം നിലേഷിന്റെ ഫോണ്‍ കോള്‍ ലഭിച്ചെന്നും പത്ത് ലക്ഷം രൂപ കൊറിയറായി അയച്ചാല്‍ നിലേഷിനെ സ്വതന്ത്രനാക്കാമെന്നുമാണ് പറഞ്ഞതെന്നും കാജല്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Post Your Comments