
കാസര്‍കോട് : മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ കയറിയ വെള്ളം ശ്രീകോവിലിനു തൊട്ടരികിലെത്തി. കനത്തമഴയില്‍ വെള്ളം കയറിയതോടെ 5 ഭണ്ഡാരങ്ങള്‍ വെള്ളത്തിനടിയിലായി.
നമസ്‌കാര മണ്ഡപം, ഉപദേവതാ സ്ഥാനങ്ങള്‍ തുടങ്ങിയവ വെള്ളത്തില്‍ മുങ്ങിയ സ്ഥിതിയിലാണ്. മേല്‍ശാന്തി വി. ശ്രീകൃഷ്ണ ഉപാധ്യായയും കുടുംബവും താമസിക്കുന്ന ഇല്ലത്തും വെള്ളം കയറി. അദ്ദേഹവും കുടുംബവും ഇവിടെ നിന്നു താമസം മാറി.
ഇന്നലെ രാവിലെ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി.രാവിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നു. നിവേദ്യ സമര്‍പണം മാത്രമാണ് നടന്നത്. മധൂര്‍ പഞ്ചായത്ത് ഓഫിസും പരിസരവും വെള്ളത്തിലായി. പഞ്ചായത്ത് ഓഫിസ്, അങ്കണവാടി, കൃഷി ഭവന്‍, ഓഡിറ്റോറിയം എന്നിവിടങ്ങളിലെത്താന്‍ കടുത്ത യാത്രാദുരിതമുണ്ടായി. കനത്ത മഴയില്‍ വര്‍ഷങ്ങളായി ഇവിടെ വെള്ളക്കെട്ട് പതിവാണ്.
കാസര്‍കോട് കെ.പി.ആര്‍. റാവു റോഡ് കെഎസ്ആര്‍ടിസി റോഡ് ജംക്ഷനില്‍ അടഞ്ഞ ഓടകളില്‍ ഒഴുകിപ്പോകാനാവാതെ വെള്ളം കെട്ടി നിന്നതോടെ റോഡ് മുങ്ങി. മാലിന്യത്തോടെന്നപോലെയായ പാതയിലൂടെ സമീപത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുള്‍പ്പെടെ കടന്നുപോകാന്‍ പ്രയാസപ്പെട്ടു.ഒരു പതിറ്റാണ്ടിലേറെയായി ഓട വൃത്തിയാക്കിയിട്ടിലെന്ന പരാതിയുണ്ട് ഇവിടെ.കെട്ടി നിന്ന വെള്ളം അകത്തു കയറിയതിനെത്തുടര്‍ന്നു സമീപത്തെ ഒരു ഹോട്ടല്‍ അടച്ചിട്ടു.
Post Your Comments