Latest NewsKerala

വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും എന്തിന് സാമൂഹികജീവിതത്തില്‍ പോലും ഗ്യാസ്‌ ലൈറ്റിങ്‌ സംഭവിക്കാമെന്ന് ഡോ. ഷിംന അസീസ്

ഗ്യാസ്‌ ലൈറ്റിങ്‌ എന്ന മാനസികാവസ്ഥയെ കുറിച്ച് പറയുകയാണ് ഡോ. ഷിംന അസീസ്. പെണ്‍കുട്ടികള്‍ എത്രവലിയ പദവിയിലെത്തിയാലും അപമാനിക്കാനും ആളുണ്ടാകും. പെണ്‍കുട്ടികളെ ഇങ്ങനെ കുറ്റപ്പെടുത്തി അവരെ ഗ്യാസ്‌ ലൈറ്റിങ്‌ എന്ന മാനസീകാവസ്ഥയിലെത്തിക്കുന്നതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട് ഡോ.ഷിംന.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“നീ ജനിച്ചിട്ട്‌ ഇത്രയും കാലം ഈ വീടിന്‌ ഉപദ്രവം മാത്രമേ ഉണ്ടായിട്ടുള്ളൂ.

“നിന്റെ സ്വഭാവം കാരണമാണ്‌ ഞാനിങ്ങനെ.”

“നീ മോശമായത്‌ കൊണ്ടാണ്‌ ചുറ്റുമുള്ള എല്ലാവരും അത്‌ തന്നെ പറയുന്നത്‌. എല്ലാവരും ഒന്ന്‌ തന്നെ പറയുമ്പോൾ സ്വാഭാവികമായും അതായിരിക്കുമല്ലോ സത്യം.”

“നീ അഹങ്കാരിയും താന്തോന്നിയുമാണെന്ന്‌ ആർക്കാണറിയാത്തത്‌…?”

“നിന്നെയൊക്കെ എന്തിന്‌ കൊള്ളാം, കുറേ പഠിക്കാനും മാർക്കും മെഡലും സർട്ടിഫിക്കറ്റും വാങ്ങാനുള്ള വിവരം മാത്രമല്ലേയുള്ളൂ. ജീവിക്കാൻ അത്‌ മതിയെന്നാണോ വിചാരം…?”

“നീ എത്ര വലിയ ആളായാലും എന്റെ ബുദ്ധിയും ഞാൻ തന്ന കാശുമില്ലെങ്കിൽ നീ പഠിക്കില്ലായിരുന്നല്ലോ. വീട്ടുകാർക്കും നാട്ടുകാർക്കും ഉപകാരമില്ലാത്ത മാരണം.”

“ഞാൻ പറയുന്നത്‌ കേൾക്കാതെ നീയൊന്നും നന്നാവാൻ പോണില്ല. മനസ്സ്‌ നന്നാവാതെ ഈ നേടുന്നതൊന്നും നില നിൽക്കില്ല.”

“കുറേ ആളുകൾ പിറകെയുള്ളത്‌ കണ്ട്‌ ഹുങ്ക്‌ കാണിക്കേണ്ട. കാര്യത്തോടടുക്കുമ്പോ ഞങ്ങളേ കാണൂ. ഇങ്ങനെ നടന്നവരൊക്കെ അങ്ങനെയേ ഒടുങ്ങിയിട്ടുള്ളൂ.”

“നീ ഈ ചെയ്‌ത്‌ കൂട്ടുന്നതിനൊക്കെ അധികം വൈകാതെ കിട്ടും, വല്ല ആക്‌സിഡന്റോ അസുഖമോ ഒക്കെയായി കിടക്കുമ്പോ നമുക്ക്‌ കാണാം.”

ഇതെല്ലാം വായിച്ചിട്ട്‌ ബിപി കൂടുന്നുണ്ടോ?

ഇവയിലൊന്ന്‌ പോലും ഒരു സാങ്കൽപികസംഭാഷണത്തിന്റെ ഭാഗമല്ല. ചുറ്റുമുള്ള ജീവിതത്തിൽ കാണുന്നതും അനുഭവിക്കുന്നതും, ഒപ്പം നേരിട്ടും ഇൻബോക്സിലും പലരും പറഞ്ഞറിഞ്ഞ അനുഭവങ്ങളിലും പലകുറി കടന്നുവന്നവയുമാണ്.

ഇത്തരം വാക്യങ്ങൾ വർഷങ്ങളോളം ആവർത്തിച്ച്‌ കേൾക്കുന്നൊരാൾക്ക്‌ തന്നെ ഒന്നിനും കൊള്ളില്ലെന്നും താൻ കാരണമാണ്‌ ലോകത്തുള്ള സകല ചീത്ത കാര്യങ്ങളും നടക്കുന്നതെന്നും സംശയം തോന്നിയാൽ കുറ്റം പറയാനൊക്കില്ല. പ്രശ്‌നങ്ങളുടെയെല്ലാം കേന്ദ്രകാരണം താനാണെന്നും, തന്നെ ഉപദ്രവിച്ച്‌ കൊണ്ടിരിക്കുന്ന വ്യക്‌തി അതുല്യനായ വ്യക്‌തിയാണെന്നും, അയാളെ എതിർത്താൽ യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും കുറ്റപ്പെടുത്തൽ കേട്ട്‌ വിഷമിക്കേണ്ടി വരുമെന്നുമെല്ലാം കരുതി ഒടുക്കം ഇര ‘തനിക്ക്‌ മാനസികവിഭ്രാന്തിയാണോ’ എന്ന്‌ പോലും തെറ്റിദ്ധരിക്കുകയും ചിലപ്പോൾ ഉറച്ച്‌ വിശ്വസിക്കുകയും ചെയ്യുന്ന ദുരവസ്‌ഥയാണ്‌ നമ്മൾ മേലെ സൂചിപ്പിച്ചത്.

ഇത്തരത്തിൽ ഇരക്ക്‌ സ്വന്തം മനസ്സിലും മനസാക്ഷിയിലും പ്രവർത്തികളിലും ചിന്തയിലും സംശയം തോന്നിപ്പിക്കുന്ന ക്രൂരമായ മാനസികപീഡനത്തിനാണ്‌ ‘ഗ്യാസ്‌ലൈറ്റിംഗ്‌’ എന്ന്‌ പറയുന്നത്‌. വ്യക്‌തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും എന്തിന്‌ സാമൂഹികജീവിതത്തിൽ പോലും ഗ്യാസ്‌ ലൈറ്റിങ്‌ സംഭവിക്കാം. ഒരു പെണ്ണിനെ ‘പിഴച്ചവൾ’ എന്ന്‌ സമൂഹത്തിലെ സദാചാരകമ്മറ്റി മുദ്ര കുത്തുമ്പോൾ ‘ശരിക്കും ഞാൻ അരുതാത്തത്‌ വല്ലതും ചെയ്‌തോ’ എന്ന്‌ അവൾക്ക്‌ അവളെത്തന്നെ സംശയം തോന്നുന്നത്‌ ഇതിനുദാഹരണമാണ്. എന്നിട്ട്‌ ജീവിതം നേരെയാക്കാൻ ആവുംവിധമെല്ലാം ശ്രമിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. കാരണം നിങ്ങളുടെ വളർച്ചയും സന്തോഷവും ആത്മവിശ്വാസവും നിങ്ങളെ സ്വതന്ത്രരാക്കുമെന്നത്‌ അവർക്ക്‌ ഭയമാണ്‌. ഏത്‌ വിധേനയും അടിച്ചിടാൻ അവർ ശ്രമിക്കുക തന്നെ ചെയ്യും. ഈ അപമാനങ്ങളും അവഹേളനവും വ്യക്‌തിഹത്യയുമെല്ലാം അതിനാണ്‌.

“നീ നന്നാകാത്തിടത്തോളം നമ്മുടെ കുടുംബജീവിതം ഇങ്ങനെ തന്നെയായിരിക്കും” എന്നും മറ്റൊരു കുടുംബത്തെ ചൂണ്ടി കാണിച്ച്‌ “അവർക്കെന്ത് സന്തോഷമാണ്‌” എന്ന്‌ ഭാര്യ പറയുമ്പോൾ “ആ പെണ്ണ്‌ അവനെ അനുസരിച്ച്‌ നല്ലോണം നിൽക്കുന്നുണ്ടാവും” എന്നും പറഞ്ഞ്‌ സ്വന്തം ആണധികാരത്തിന്റെ ബലത്തിൽ ഉത്തരവാദിത്വക്കുറവ്‌ മറയ്‌ക്കുന്നതും ഇതിന്റെ ഭാഗമാണ്‌. Offense is the best defense എന്ന്‌ പറയുന്നത്‌ പോലെ കുറ്റപ്പെടുത്തി കൊണ്ട്‌ ഗ്യാസ്‌ലൈറ്റ്‌ ചെയ്യുന്ന ആൾ സ്വയം സംരക്ഷിക്കുകയും ഇരയുടെ കാലടിയിലെ മണ്ണ്‌ ഒഴുക്കി കളയുകയുമാണ്‌ ചെയ്യുന്നത്‌. ഇടക്ക്‌ വളരെ തങ്കപ്പെട്ട സ്വഭാവം കാണിച്ച്‌ “ഇയാൾ ഞാൻ കരുതിയ അത്ര മോശമൊന്നുമല്ല, ഇതെല്ലാം ഞാൻ ആലോചിച്ച്‌ കൂട്ടുന്നതാണ്‌” എന്ന്‌ ഇരയെ കൊണ്ട്‌ തിരിച്ച്‌ ചിന്തിപ്പിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കാനും ഇവർ വിദഗ്‌ധരാണ്‌.

പലരും പറയുന്ന “നിന്റെ തലവട്ടം കണ്ട അന്ന്‌ തുടങ്ങിയതാണ്‌ ഇവിടുള്ളവരുടെ കഷ്‌ടകാലം” എന്ന ക്ലീഷേ സിനിമാഡയലോഗിനെ “ശാപവാക്ക്‌” എന്ന്‌ ചേർത്തുവായിച്ച്‌ ലഘൂകരിക്കരുത്‌. ഗ്യാസ്‌ലൈറ്റിംഗിന്റെ ക്ലാസിക് രൂപമാണത്‌. ഇതിന്റെ പല വേർഷൻ അനുഭവിക്കുന്ന ആണും പെണ്ണും നമുക്ക്‌ ചുറ്റുമുണ്ട്‌. ശാപവും ശാപഫലവുമൊന്നും നിലനിൽക്കുന്നേയില്ലെന്നറിയുക. വല്ലവരുടെയും പ്രാക്കിന്റെയല്ല, അവനവൻ ചെയ്യുന്നതിന്റെ ഫലമേ ജീവിതത്തിലുണ്ടാകൂ. ആവർത്തിച്ച്‌ കേൾക്കുന്നതെല്ലാം സത്യവുമല്ല.

കഴിക്കാനായി ആഹാരം വായിലേക്ക്‌ വെക്കുമ്പോൾ “ഞാനുണ്ടാക്കിയത്‌ വെട്ടിവിഴുങ്ങി തിന്നുന്നതിലും നല്ലത്‌ തീട്ടം തിന്നുന്നതല്ലേ?’ എന്ന്‌ ചോദിക്കുന്ന പിതാവും ഭാര്യയെ ജോലിക്ക്‌ വിടാതെ, പുറത്തിറങ്ങാൻ സമ്മതിക്കാതെ അവളുടെ ഫോൺ പിടിച്ച്‌ വാങ്ങി വെച്ച്‌, അത്‌ സദാ ചെക്ക്‌ ചെയ്‌ത്‌ അവൾക്ക്‌ ചികിത്സ പോലും നൽകാതെ “തീട്ടം ഫാക്‌ടറി” എന്ന്‌ കുഞ്ഞുങ്ങൾ കേൾക്കെ വിളിക്കുന്ന ഭർത്താവും ചെയ്യുന്നത്‌ ഇരയിൽ ആത്മനിന്ദ വളർത്തി അവരുടെ ലക്ഷ്യം നേടുന്നത്‌ തന്നെയാണ്‌. അവിടെ നിന്നും രക്ഷപ്പെടാൻ ഇര ശ്രമിക്കുമ്പോൾ ഈ ഉപദ്രവകാരികളുടെ ഉള്ളിലെ ചെകുത്താൻ പിടഞ്ഞ്‌ പുറത്ത്‌ ചാടുന്നത്‌ കാണാം. ഇത്തരക്കാരുടെ അഴുകിയ വാക്കുകളിൽ സ്വയം വെറുത്ത്‌ ജീവിക്കുന്നവരിൽ യാതൊരു ലിംഗഭേദവുമില്ല. അറിഞ്ഞിടത്തോളം ട്രാൻസ്‌ജെൻഡർ വ്യക്‌തികൾ ഇതിന്റെ സകലസീമകൾക്കപ്പുറവും അനുഭവിച്ചാണ്‌ സ്വത്വം നേടിയെടുക്കുന്നതെന്ന്‌ തോന്നുന്നു. അവരോട്‌ അങ്ങേയറ്റത്തെ ആദരവുണ്ട്‌.

കാൽച്ചുവട്ടിലിട്ട്‌ ചവിട്ടി സ്വന്തം ഇഷ്‌ടങ്ങൾ അടിച്ചേൽപ്പിച്ച്‌ ‘പൊസസീവ്‌നെസ്‌’ എന്ന ഭംഗിയുള്ള ഓമനപ്പേരിൽ അതിനെ വിശേഷിപ്പിച്ച്‌ “എനിക്ക്‌ വേണ്ടി സഹിക്കുന്ന നിനക്കാണ്‌ സ്വർഗം, നീ എന്തനുഭവിച്ചാലും വേണ്ടില്ല, ഞാൻ സന്തോഷിച്ചാൽ മതി” എന്നത്‌ ഒരു സ്‌ഥിരം പല്ലവിയാണ്‌. ആണധികാരത്തിന്റെ പേരിലോ കുടുംബത്തിലെ മൂപ്പിളമയുടെയോ പദവിയുടെയോ പേരിലോ ബന്ധുക്കളുടെയോ പണത്തിന്റെയോ സ്വാധീനത്തിന്റെയോ പേരിലോ ഇങ്ങനെ വല്ലതു്‌ പറഞ്ഞ്‌ ഗ്യാസ്‌ലൈറ്റ്‌ ചെയ്യാൻ കാണാപാഠം പഠിച്ച നാല്‌ അവഹേളനവാക്കുമായി ആരെങ്കിലും മുന്നിൽ വന്നാൽ ഇനിയും ആ ചവിട്ടിത്തേക്കലിന് നിന്നു കൊടുക്കരുത്, പകരം നിവർന്ന്‌ നിന്ന്‌ ശാന്തമായി ഇത്രയും പറഞ്ഞേക്കണം എന്ന് ഇതിന്റെ ഇരകളോട് സ്ഥിരമായി പറഞ്ഞു കൊടുക്കുന്ന ചില കാര്യങ്ങളുണ്ട്.

“എനിക്ക്‌ ജീവിക്കണം, സമാധാനവും സന്തോഷവും വേണം, എന്റെ ഇഷ്‌ടങ്ങളും നടക്കണം. നിങ്ങൾക്ക്‌ തോന്നുമ്പോൾ തിന്നാനും ഉറങ്ങാനും വാലാട്ടാനും തല്ലാനും തലോടാനും കൂടെ കിടക്കാനുമൊക്കെ ആൾ വേണമെങ്കിൽ കാശ്‌ കൊടുത്തൊരു പട്ടിയെ വാങ്ങൂ… എന്നിലും നന്മയുണ്ട്‌, വ്യക്‌തിത്വമുണ്ട്‌. അംഗീകരിക്കില്ലെന്നറിയാം എന്നാലും പറയുകയാണ്‌. അങ്ങോട്ട്‌ ഉപദ്രവിക്കാൻ വരുന്നില്ലല്ലോ, ഇങ്ങോട്ടുമരുത്‌. ഞാനെന്താണെന്ന്‌ എനിക്കറിയാം. എനിക്ക്‌ മനുഷ്യനായി ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സകല അർഹതയുമുണ്ട്‌. എന്നെയൊരു ദു:ശകുനവും ദുർനിമിത്തവും ആക്കേണ്ടത്‌ നിങ്ങളുടെ മാത്രം ആവശ്യമാണ്‌. അത്‌ നിങ്ങളുടെ ചൊൽപടിക്ക്‌ നിർത്താനുള്ള ചീഞ്ഞ തന്ത്രമാണെന്നുമറിയാം. അത്‌ ഇനി ഇവിടെ നടക്കില്ല. അതിന്‌ വരുന്നത്‌ എന്താണെന്ന്‌ വെച്ചാൽ സഹിച്ചോളാം. എന്നാലും, മരിക്കാനോ മരിച്ചത്‌ പോലെ ജീവിക്കാനോ ഇനി തയ്യാറല്ല. അപ്പോ ശരി, എല്ലാം പറഞ്ഞത്‌ പോലെ…”

ഇത്രയും പറഞ്ഞ്‌ കഴിയുമ്പോൾ പ്രതികരണമെന്താകുമെന്നല്ലേ ആലോചിച്ചത്‌? അനുകൂലമായിരിക്കില്ലെന്ന്‌ നിസംശയം പറയാം. ഒന്നുറപ്പാണ്‌, ഒരിക്കലിങ്ങനെ പ്രതികരിച്ചാൽ നിങ്ങളുടെ കണ്ണിലെ തീയിൽ വെന്തു പൊള്ളാതെയും അവരുടെ തൊണ്ടയിലെ വെള്ളം വറ്റാതെയും ഗ്യാസ്‌ലൈറ്റ്‌ ചെയ്യുന്നവനോ ചെയ്യുന്നവളോ ചെയ്യുന്നവരോ നിങ്ങളുടെ മുന്നിൽ നിന്ന്‌ ഇറങ്ങിപോകില്ല. അതിനവരുടെ അപകർഷതാബോധം സമ്മതിക്കില്ല. ഇത്‌ കുറേയേറെ തവണ ആവർത്തിക്കേണ്ടി വന്നേക്കാം, ശാരീരികമോ മാനസികമോ ആയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. സാരമില്ല, നിങ്ങളൊരു പ്രശ്‌നത്തിലാണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള വഴികൾ നിങ്ങൾ തിരഞ്ഞു തുടങ്ങുകയും അതിൽ മുന്നേറുകയും ചെയ്യും. നിങ്ങൾക്കതിന്‌ സാധിക്കും.

ഇത്രയും തിരിച്ചറിഞ്ഞ്‌ കഴിഞ്ഞാൽ ഒരു സൈക്കോളജിസ്‌റ്റിനെയോ സാധിക്കുമെങ്കിൽ ഒരു സൈക്യാട്രിസ്‌റ്റിനെയോ തന്നെ കണ്ട്‌ സഹായം തേടുക. നഷ്‌ടപ്പെട്ട ആത്മവിശ്വാസവും സന്തോഷവുമെല്ലാം തിരിച്ച്‌ കിട്ടാൻ അവർ സഹായിക്കും. ധൈര്യമായിരിക്കുക. ഓർക്കുക, തുരങ്കത്തിന്റെ അറ്റം ഇരുട്ടല്ല ഉറപ്പായും വെളിച്ചമാണ്‌.

https://www.facebook.com/shimnazeez/posts/10157647636822755

shortlink

Related Articles

Post Your Comments

Related Articles


Back to top button