കേരള ആസ്ഥാനമായുള്ള ഹിപ്-ഹോപ് ബാന്‍ഡിനാണ് ബംഗളൂരുവിലെ പബ്ബില്‍ വെച്ച് ദുരനുഭവമുണ്ടായത്. മാര്‍ത്തഹള്ളിയിലെ പബ്ബില്‍ മലയാളം ഗാനം ആലപിച്ചതിനെ തുടര്‍ന്ന് സദസ്സിലെ ചിലര്‍ എതിര്‍പ്പറിയിച്ചു. ഇതോടെ പബ്ബ് മാനേജ്‌മെന്റ് ഇവരെ വേദിയില്‍ നിന്നും ഇറക്കി വിട്ടു. സംഗീത പ്രമോട്ടര്‍മാരായ 4/4 എക്‌സ്പീരിയന്‍സ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്നാണ് മാര്‍ത്തഹള്ളിയിലെ ഫോക്‌സ്‌ട്രോട്ട് എന്ന പബ്ബില്‍ ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തിന്റെ ഞെട്ടലിലാണ് സ്ട്രീറ്റ് അക്കാദമിക്‌സ് എന്ന ബാന്‍ഡിലെ അംഗങ്ങള്‍ ഇപ്പോഴും. ”ഇത്തരമൊരു സംഭവം ബംഗളൂരുവില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉറപ്പാണ്, മറ്റ് ചില പ്രാദേശിക ബാന്‍ഡുകള്‍ വ്യത്യസ്ത രീതിയില്‍ ഇതേ പ്രശ്‌നം നേരിടേണ്ടി വന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പാട്ടുകളുടെ ഒരു ലിസ്റ്റാണ് പ്ലേ ചെയ്തത്. അതില്‍ ബഹുഭാഷാ ട്രാക്കുകള്‍ ഉള്‍പ്പെടുന്നു, ഈ സംഭവം നടക്കുമ്പോള്‍ ഞങ്ങള്‍ 45 മിനിറ്റ് പൂര്‍ത്തിയാക്കാന്‍ പോകുകയായിരുന്നു. ”സ്ട്രീറ്റ് അക്കാദമിക്‌സിന്റെ സംഗീത നിര്‍മ്മാതാവ് വിവേക് രാധാകൃഷ്ണന്‍ പറഞ്ഞു.
സ്ട്രീറ്റ് അക്കാദമിക്‌സ് മലയാളത്തില്‍ എഴുതിയ ഗാനങ്ങള്‍ ആലാപിച്ചപ്പോള്‍ പബ്ബിലെ ഒരു കൂട്ടം ആളുകളും മാര്‍ത്തഹള്ളി ഫോക്‌സ്‌ട്രോട്ടിലെ മാനേജ്‌മെന്റും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷോ നിര്‍ത്തിവെച്ചത്. സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. 4/4 എക്‌സ്പീരിയന്‍സ് പ്രതിനിധി പ്രസാദ് അയ്യരെ പബ്ബ് ഫ്‌ലോര്‍ മാനേജര്‍ രവി കാന്ത് സമീപിക്കുകയും കലാകാരന്മാരോട് വിവിധ ഭാഷകളില്‍ (മലയാളം ഒഴികെയുള്ള) ഗാനങ്ങള്‍ ആലപിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ചില ആളുകള്‍ക്ക് പാട്ടിലെ ഭാഷയുമായി പ്രശ്‌നമുണ്ടെന്നായിരുന്നു വിശദീകരണം.
Post Your Comments