തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രധാന പ്രതികൾ പോലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‍സി വിജിലന്‍സ്‍ അന്വേഷിക്കുമെന്ന് ചെയർമാൻ എം കെ സക്കീര്‍. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കില്ല. പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുത്. പ്രതികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല. കാസർകോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. 2989 പേർ തിരുവനന്തപുരം ജില്ലയിൽ പരീക്ഷ കേന്ദ്രം തെരെഞ്ഞെടുത്തുവെന്നും എം കെ സക്കീര്‍ പറഞ്ഞു.
അതേസമയം നേരത്തെ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുന്ന പേപ്പര്‍ കണ്ടെത്തിയതിനു പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ യൂണിയന്‍ റൂമില്‍ നിന്നും ഉത്തരക്കടലാസിന്റെ കെട്ടുകളും അധ്യാപകന്റെ സീലും കണ്ടെത്തി. നേരത്തെ അഖിലിനെ കുത്തിയ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുന്ന പേപ്പര്‍കെട്ട് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. തുടര്‍ പരിശോധനയില്‍ ഈ സീല്‍ വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ ശിവരഞ്ജിത്ത് പിഎസ്സിക്ക് സമര്‍പ്പിച്ച കായിക സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലുള്ള ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റാണ് ശിവരഞ്ജിത്ത് പിഎസ്സിയില്‍ ഹാജരാക്കിയത്. പോലീസ് പിഎസ്സിയോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ശിവരഞ്ജിത്തിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments