തൃശ്ശൂര്‍: മഴ കുറഞ്ഞതോടെ തൃശ്ശൂരിലെ മീന്‍ കൃഷി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രതീക്ഷിച്ച മഴ ലഭിക്കാതെ വന്നതോടെ കടുത്ത ജലക്ഷാമമാണിവിടെ. വെള്ളമില്ലാത്തതിനാല്‍ കൃഷിയിടങ്ങളില്‍ നിന്ന് മീന്‍കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങുന്നത് പതിവായിരിക്കുകയാമ്. ഇത് മൂലം ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. തൃശ്ശൂര്‍ ജില്ലയിലാകെ 30,000 ഏക്കറിലധികം കോള്‍പാടങ്ങളിലാണ് കര്‍ഷകര്‍ മീന്‍ കൃഷി ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നെല്ലും മീനും പദ്ധതി പ്രകാരമാണ് ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നത്. പദ്ധതിപ്രകാരം 80 ശതമാനം പാടങ്ങളിലും ആറുമാസം മീന്‍ കൃഷിയും ആറുമാസം നെല്‍കൃഷിയുമാണ് ചെയ്യുന്നത്. പാടങ്ങള്‍ പാട്ടത്തിനെടുത്താണ് മിക്ക കര്‍ഷകരും കൃഷി ചെയ്യുന്നത്. സാധാരണ ജൂണ്‍-ജൂലായ് മാസങ്ങളില്‍ പാടത്ത് ഏഴ് അടിയെങ്കിലും വെള്ളമുണ്ടാകാറുണ്ട്. ഈ സമയത്താണ് നഴ്‌സറികളില്‍ സൂക്ഷിച്ചിരിക്കുന്ന മീന്‍കുഞ്ഞുങ്ങളെ പാടത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ ഇത്തവണ ഒരടി പോലും വെളളമില്ലെന്നും അതിനാല്‍ മീന്‍കുഞ്ഞുങ്ങളെ പാടത്തേക്ക് ഒഴുക്കിവിടാന്‍ കഴിഞ്ഞില്ലെന്നും മീന്‍ കര്‍ഷകനായ മോഹനന്‍ പറഞ്ഞു. ഓരോ കര്‍ഷകനും 150 ഏക്കറിലേറെ സ്ഥലത്താണ് മീന്‍ കൃഷി ചെയ്യുന്നത്. മീന്‍ കുഞ്ഞുങ്ങള്‍ വാങ്ങുന്നതിനും അവയുടെ തീറ്റയ്ക്കും ജോലിക്കാരുടെ കൂലിയുമൊക്കെയായി ചുരുങ്ങിയത് 10 ലക്ഷത്തിലേറെ രൂപ ഈ ഇനത്തില്‍ ചെലവ് വരും. സാധാരണ ഒക്ടോബറില്‍ വിളവെടുക്കുമ്പോള്‍ 50 ടണ്‍ മീനെങ്കിലും കിട്ടാറുണ്ടെന്നും എന്നാല്‍ ഇത്തവണ വെള്ളമില്ലാത്തതിനാല്‍ മീന്‍കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ച കുറവാണെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
കോള്‍പാടങ്ങളില്‍ പ്രതിവര്‍ഷം അഞ്ച് കോടിയിലേറെ രൂപയുടെ മീനാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത്തവണ അതിന്റെ കാല്‍ ശതമാനം പോലും കിട്ടില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മഴ ഇനിയും പെയ്തില്ലെങ്കില്‍ നൂറുകണക്കിന് മീന്‍ കര്‍ഷകരുടെ ജീവിതമാണ് പ്രതിസന്ധിലാകും എന്നും കര്‍ഷകര്‍ പറയുന്നു.
Post Your Comments