KeralaLatest NewsIndia

ഡ്രൈവര്‍ മന്‍സൂറും മകനും അടുത്ത സുഹൃത്തുക്കള്‍; അവരുടെ ഫോൺ സംസാരം എന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് നീചം, അവർ ലക്‌ഷ്യം വെക്കുന്നത് എന്റെയും ജീവൻ : സാജന്റെ വിധവ ബീന

കേസ് അട്ടിമറിക്കാൻ ആണ് സാജന്റെ ഭാര്യയെയും ഡ്രൈവറെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള വാർത്ത ദേശാഭിമാനിയിൽ വന്നതെന്നാണ് പൊതുവെയുള്ള ആരോപണം.

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ നഗരസഭാ അധികൃതര്‍ക്കെതിരായ കുടുംബത്തിന്റെ ആരോപണവും കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മര്‍ദത്തില്‍ സാജന്‍ എഴുതിയ കുറിപ്പുമൊന്നും തെളിവായി സ്വീകരിക്കാതെ അന്വേഷണ സംഘം. കേസ് അട്ടിമറിക്കാൻ ആണ് സാജന്റെ ഭാര്യയെയും ഡ്രൈവറെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള വാർത്ത ദേശാഭിമാനിയിൽ വന്നതെന്നാണ് പൊതുവെയുള്ള ആരോപണം.

സാജന്‍ ജീവനൊടുക്കാന്‍ കാരണം കുടുംബത്തിലുണ്ടായ വഴക്കാണെന്ന തരത്തിലാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്.സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിലെ അവിഹിതത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വാര്‍ത്ത ദേശാഭിമാനിയിലെത്തിയതോടെ ഏറ്റുപിടിച്ചു സൈബർ സൈന്യം കുടുംബത്തെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. ഇതെല്ലാം ഡ്രൈവര്‍ സമ്മതിച്ചെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പൊട്ടിത്തെറിച്ച്‌ സാജന്റെ ഭാര്യ തന്നെ രംഗത്ത് വന്നു. കുടുംബത്തയോടെ അവർ തങ്ങളുടെ വീട്ടിൽ പത്ര സമ്മേളനം നടത്തുകയും ചെയ്തു. പോലീസ് പറയുന്ന ഈ ഫോൺ ഉപയോഗിക്കുന്നത് സാജന്റെ മകനാണ്.

സാജന്റെ പേരിൽ നാല് സിം ഉണ്ടെന്നും മകൻ വെളിപ്പെടുത്തി. താൻ കൂട്ടുകാരുമൊത്തും മറ്റും കോണ്ഫറന്സ് കോളിൽ ഗെയിമുകൾ കളിക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. അമ്മയ്‌ക്കൊപ്പമെത്തി മക്കളും സത്യം വിശദീകരിച്ചതോടെ പൊലീസും സിപിഎമ്മും ഊരാക്കുടുക്കിലാണ്. ‘എനിക്കിനി ഇത്തിരി പ്രാണന്‍ കൂടി ബാക്കിയുണ്ട്, അതുകൂടി ഇല്ലാതാക്കാനാണു ശ്രമം. അപവാദ പ്രചാരണവുമായി മുന്നോട്ടുപോയാല്‍ സാജന്റെ വഴി തന്നെ തിരഞ്ഞെടുക്കേണ്ടി വരും” സാജന്റെ ഭാര്യ ബീന പറഞ്ഞു.

കുടുംബപ്രശ്‌നമാണു മരണകാരണമെന്നു സിപിഎം പാര്‍ട്ടി മുഖപത്രത്തിലൂടെയും സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണു ബീന കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ ടിപി ചന്ദ്രശേഖരന്റെ വിധവ രമയ്‌ക്കെതിരെയും ഇത്തരത്തിൽ അപവാദ പ്രചാരണം ഉണ്ടായിരുന്നു. ബീന പറയുന്നതിങ്ങനെ, ‘ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് അന്നത്തെ മാനസികാവസ്ഥയിലാണെന്നു തിരുത്തിപ്പറയണമെന്ന് ആവശ്യപ്പെട്ടു ‘ചിലര്‍’ സമീപിച്ചിരുന്നു. പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നു നിലപാടെടുത്ത ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്.

ആദ്യം സാജനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാര്‍ത്തകളാണു പ്രചരിച്ചത്. അവ ഓരോന്നായി പൊളിഞ്ഞപ്പോള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായി. സാജന്റെ മരണശേഷം പൂര്‍ണമായും തകര്‍ന്ന കുടുംബത്തെ ഇഞ്ചിഞ്ചായി കൊല്ലാന്‍ ശ്രമിക്കുന്നു’സാജന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനിലേക്ക് ഒട്ടേറെ കോളുകള്‍ വിളിച്ചതായി കണ്ടെത്തിയ മന്‍സൂറിനെ ചോദ്യം ചെയ്ത പൊലീസ്, ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. സാജന്റെ പേരിലെടുത്ത സിംകാര്‍ഡുള്ള ഒരു ഫോണ്‍ സാജനും കുടുംബാംഗങ്ങളും ഉപയോഗിക്കാറുണ്ട്. ഏതാനും ചില മൊഴികള്‍ കൂടി രേഖപ്പെടുത്തി കുടുംബവഴക്കിനു സാധൂകരണം നല്‍കി കേസ് അവസാനിപ്പിക്കാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.

ഇത് ദേശാഭിമാനിയില്‍ ആണ് ആദ്യം വാര്‍ത്തയായി എത്തിയത്. പൊലീസിന്റെ അന്വേഷണത്തിനെതിരെ ഒട്ടേറെ ഗുരുതര ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതെന്ന രീതിയില്‍ പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അതേ അര്‍ഥമാണു ജൂലൈ 1നു മന്ത്രി ഇ.പി.ജയരാജന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക്. രണ്ടാഴ്ചയ്ക്കു ശേഷം പൊലീസ് അന്വേഷണം നീങ്ങുന്നത് ഈ രീതിയിലേക്കാണെന്നു മന്ത്രി എങ്ങനെ അറിഞ്ഞു? കഴിഞ്ഞ ഒരാഴ്ചയായി പല മാധ്യമങ്ങള്‍ക്കും ഈ വാര്‍ത്ത ചോര്‍ത്തിനല്‍കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നതായി അടുപ്പമുള്ള പലരും സൂചിപ്പിച്ചിരുന്നു.

ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കാനുള്ള കാരണവും അതാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് സാജന്റെ ഭാര്യ പറയുന്നു. സംരംഭകനെന്ന നിലയില്‍ താന്‍ അനുഭവിച്ച തിക്താനുഭവം സൂചിപ്പിക്കുന്ന സാജന്റെ കുറിപ്പ് പൊലീസിനു കിട്ടിയിരുന്നു. ”എന്റെ അടുത്ത തലമുറയ്‌ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ” എന്നും എഴുതിയിരുന്നു. എങ്കിലും നഗരസഭാ അധികൃതര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തേണ്ടതില്ലെന്നാണു പൊലീസ് നിലപാട്. സാജനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതിനു തെളിവില്ലാത്തതിനാല്‍ മന്‍സൂറിനെയും പ്രതിയാക്കില്ലെന്നു പൊലീസ് പറയുന്നു.

സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയെ പരസ്യമായി വിമര്‍ശിച്ച നേതാവാണ് ജയരാജന്‍. അതുകൊണ്ട് തന്നെ സിബിഐ എത്തിയാല്‍ ജയരാജന്‍ അടക്കമുള്ളവരുടെ മൊഴി അതിനിര്‍ണ്ണായകമാകും. ഇത്തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതിനോട് സിപിഎമ്മിന് താല്‍പ്പര്യമില്ല.20 വര്‍ഷം വിവിധ രാജ്യങ്ങളില്‍ ജീവിച്ചയാളുകളാണു ഞങ്ങള്‍. ഞങ്ങള്‍ക്ക് ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങളുണ്ടെന്നു പരസ്പരം അറിയാം.

അതു കൊണ്ടു തന്നെ ഭാര്യയുടെ സൗഹൃദം അപ്രതീക്ഷിതമായി കണ്ടു എന്നതിന്റെ പേരില്‍ പോയി ആത്മഹത്യ ചെയ്യില്ല. എന്റെ ഭാഗത്തു തെറ്റായ എന്തെങ്കിലുമുണ്ടായി എന്നു തോന്നിയാല്‍ പോലും അതു തിരുത്തുകയേ ഉള്ളൂ. ഞങ്ങള്‍ തമ്മിലുള്ള ബന്ധവും അത്തരത്തില്‍ വളരെ വിശാല അര്‍ഥത്തിലുള്ളതായിരുന്നു. ഇക്കാര്യം കുടുംബത്തില്‍ ആരോടു ചോദിച്ചാലും മനസ്സിലാകുമെന്ന് തുറന്ന് പറഞ്ഞാണ് പൊലീസ് നീക്കത്തെ സാജന്റെ ഭാര്യ പ്രതിരോധിച്ചത്. ഇതോടെ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ് സിപിഎം.

shortlink

Related Articles

Post Your Comments

Related Articles


Back to top button