കോഴിക്കോട്: ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുന്നതും കവര്‍ച്ചയ്ക്കു ശേഷം രണ്ടു പേര്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘത്തിലെ ഒരാളെ ജീവനക്കാർ പിടികൂടി. ഷാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. 12 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്.
ഷോപ്പ് അടയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ സ്റ്റോക്കെടുക്കുന്നതിനിടെ മുഖമൂടി ധാരികളായ മൂന്നംഗ സംഘം ഷോപ്പിലെത്തി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തുകയായിരുന്നു. തോക്ക് ചൂണ്ടി ജീവനക്കാരെ വിറപ്പിച്ച ശേഷം വളകള്‍ ഇരിക്കുന്ന പെട്ടി അപ്പാടെ കയ്യിലാക്കുകയായിരുന്നു. രണ്ടു പേര്‍ ഇതുമായി ജ്വല്ലറിക്കു പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടെങ്കിലും സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാര്‍ കീഴടക്കി. ഇയാള്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ഓമശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുവള്ളി പോലിസ് എത്തി ഇയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി.
ബോധം തെളിയാത്തതിനാല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയില്‍ തോക്ക് പൊട്ടാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.കവര്‍ച്ചയ്ക്കു പിന്നില്‍ മൂന്നംഗ ഇതര സംസ്ഥാനക്കാരാണെന്നാണ് നിഗമനം.പിടിവലിക്കിടെ ജീവനക്കാരായ മനുവിനും മറ്റൊരാള്‍ക്കും പരിക്കേറ്റു. കൊടുവള്ളി പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലുള്ള പ്രതിയെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Post Your Comments