Latest NewsIndia

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട 30ലേറെ കേസുകള്‍,എസ്.പി നേതാവ് അസം ഖാനും ഭൂമി കൈയേറ്റക്കാരുടെ പട്ടികയില്‍

ഓരോ പരാതിയിലും പ്രത്യേക കേസുകളാണ് അസം ഖാനെതിരെ എടുത്തിട്ടുള്ളത്.

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ റാംപുര്‍ ജില്ലാ ഭരണകൂടമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റശേഷം തുടങ്ങിയ യു.പി സര്‍ക്കാരിന്റെ ഭൂമാഫിയ വിരുദ്ധ പോര്‍ട്ടലില്‍ അസം ഖാനെ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഭൂമി കൈയേറ്റക്കാരെ തിരിച്ചറിയാനും കൈയേറ്റം സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാന്‍ അവസരം ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട 30ലേറെ കേസുകള്‍ അസം ഖാനെതിരെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.വിവിധ പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജില്ലാ മജിസ്‌ട്രേട്ടും പോലീസ് സൂപ്രണ്ടും വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. റാംപൂരില്‍ മുഹമ്മദ് അലി ജോഹര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അസംഖാന്‍ 26 കര്‍ഷകരില്‍നിന്ന് ഭൂമി കൈയേറിയെന്ന പരാതിയില്‍ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു.ഭൂമി ഏറ്റെടുക്കാനുള്ള സമ്മതപത്രത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചു എന്നാണ് കര്‍ഷകരുടെ പരാതി.

ഓരോ പരാതിയിലും പ്രത്യേക കേസുകളാണ് അസം ഖാനെതിരെ എടുത്തിട്ടുള്ളത്. യു.പി മന്ത്രിയായിരുന്ന കാലത്ത് പദവി ദുരുപയോഗപ്പെടുത്തി ഭൂമി കൈയേറിയെന്നാണ് റെവന്യൂ വകുപ്പ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button