Latest NewsKerala

ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ചു; കാസര്‍കോട് നിന്നും ശ്രീചിത്രയിലെത്തിച്ച പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയ്യാറായിട്ടും ഇത് അവഗണിച്ചാണ് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ച് കാസര്‍കോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ച കുഞ്ഞിന്റെ നില അതീവഗുരുതരം. ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയ്യാറായിട്ടും ഇത് അവഗണിച്ചാണ് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബുധനാഴ്ച രാത്രി 9 മണിക്കാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ഹൃദയ തകരാറുള്ള ഉദുമ സ്വദേശി നാസര്‍ മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് യാത്ര തിരിച്ചത്.

ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതായി പറയുന്നു. ഹൃദയ ഭിത്തികളുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തതിനാല്‍ കൃത്യമായ അളവില്‍ ശരീരത്തിലേക്കുള്ള രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാത്ത കാര്‍ഡിയോ മയോപതി എന്ന അസുഖമാണ് കുഞ്ഞിന് ഉള്ളത്. കുഞ്ഞിന്റെ വിവരങ്ങള്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വിഷയം ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തിരുന്നു. ആദ്യം ഹാജരാക്കിയ എക്കോ റിപ്പോര്‍ട്ട് ഒരു പീഡിയാട്രിക്ക് കാര്‍ഡിയോളജിസ്റ്റില്‍ നിന്ന് അല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. അടുത്ത ദിവസം തന്നെ കൊച്ചി അമൃതയിലെ മെഡിക്കല്‍ സംഘത്തിന് വിശദമായി എക്കോ ടെസ്റ്റിന്റെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലത്ത് എക്കോ ടെസ്റ്റ് എടുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും കുഞ്ഞിന്റെ ബന്ധുക്കള്‍ വീണ്ടും മറ്റൊരിടത്ത് നിന്ന് എക്കോ ടെസ്റ്റ് എടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിലും രോഗ വിവരങ്ങള്‍ കൂടുതലായി ലഭ്യമായിരുന്നില്ല. തുര്‍ന്ന്, ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ സംഘം കുഞ്ഞ് ചികിത്സയില്‍ ഇരിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ചര്‍ച്ച ചെയ്തു. ഇതിനിടയിലാണ് കുഞ്ഞിനെ ശ്രീചിത്രയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. കുഞ്ഞുമായി ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടാത്ത കേസായതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം കുഞ്ഞിനെ ഹൃദ്യം പദ്ധതിയില്‍പ്പെടുത്തി കൊച്ചി അമൃതയിലേക്ക് മാറ്റാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാമെന്നും മെഡിക്കല്‍ സംഘം ആശുപത്രി അധികൃതരെ അറിയിച്ചു. ഈ വിവരം കുഞ്ഞിന്റെ ബന്ധുക്കളെ ഹൃദ്യം ജില്ലാ കോ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചു കുഞ്ഞിനെ സ്വമേധയാ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

അറുനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില മോശമായി. ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം സി.സി.യുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില മോശമായി തുടരുകയാണ്. ഇതിനിടെ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചികിത്സ കിട്ടിയില്ല എന്ന പ്രചാരണവുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button