മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന് പുതു ജീവൻ നൽകിയ നായകൻ സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാൾ. ബാറ്റ് കൊണ്ടും പന്തു കൊണ്ടും മാത്രമല്ല അചഞ്ചലമായ നേതൃ ശേഷി കൊണ്ടും ഗാംഗുലി എന്ന ചെറുപ്പക്കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ യഥാർത്ഥ നായകനായി മാറി. കൊൽക്കത്തയിലെ രാജകുടുംബത്തിൽ ജനനം. മഹാരാജാ എന്ന് വീട്ടുകാർ വാത്സല്യത്തോടെ വിളിച്ചു. ക്രിക്കറ്റ് പ്രേമികളുടെയും കളിക്കാരുടേയും ഹീറോ.
സൗരവ് ഗാംഗുലി അരങ്ങേറ്റം കുറിച്ചത് ലോർഡ്സിൽ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി അടിച്ചായിരുന്നു. 113 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നാൽപ്പതിനു മുകളിൽ ശരാശരിയുമായി 16 സെഞ്ച്വറികളോടെ ഏഴായിരത്തിലധികം റൺസ്. 311 ഏകദിനങ്ങളിൽ പതിനൊന്നായിരത്തിലധികം റൺസും, 22 സെഞ്ച്വറികളും കരസ്ഥമാക്കി.
ഓഫ് സൈഡ് ഷോട്ടുകൾ ഇത്ര മനോഹരമായി കളിച്ച വേറൊരു ബാറ്റ്സ്മാനില്ല. ഒപ്പം സ്റ്റേഡിയത്തിനു വെളിയിലേക്ക് പന്ത് അനായാസം പറപ്പിക്കാനുള്ള കഴിവും. സൗരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായത് ഇങ്ങനെയൊക്കെയാണ്. ഇന്ത്യയുടെ ആധുനിക ക്രിക്കറ്റ് ചരിത്രത്തിൽ ഈ ക്യാപ്ടൻ നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഓസ്ട്രേലിയ, ഇംഗ്ളണ്ട് , ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളിലെ സ്ലെഡ്ജിംഗ് വീരന്മാർ പിന്നീട് അയാളെപ്പറ്റി പരാതി പറഞ്ഞു തുടങ്ങിയത് തന്നെ ഇതിന്റെ തെളിവാണ്. ഇപ്പോഴും എല്ലാ ക്രിക്കറ്റ് പ്രേമികളുടെ മനസിലും ഗാംഗുലിക്ക് പ്രത്യേക സ്ഥാനമുണ്ട്.
Post Your Comments