Latest NewsKerala

പുണ്യം തേടി കുരുന്നുകളും; മാതാപിതാക്കള്‍ക്കൊപ്പം കൈകുഞ്ഞുങ്ങള്‍ക്കും അവസരമൊരുക്കി ഹജ് കമ്മിറ്റി

കൊണ്ടോട്ടി : ഇത്തവണ സംസ്ഥാനത്തു നിന്ന് പുണ്യം തേടിയുള്ള ഹജ് യാത്രയില്‍ കൈകുഞ്ഞുങ്ങളും ഭാഗമാകും. പുണ്യഭൂമിയിലേക്കുള്ള യാത്രയ്ക്ക് 2 കുരുന്നുകള്‍ക്കുകൂടി ഹജ് കമ്മിറ്റിയും സൗദി ഹജ് മന്ത്രാലയവും അവസരമൊരുക്കിയതോടെയാണ് ഇത്തവണ ഹജ് തീര്‍ഥാടകര്‍ക്കൊപ്പം 21 കൈക്കുഞ്ഞുങ്ങള്‍ തീര്‍ഥാടകരാകുന്നത്. 21ല്‍ 12 കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പു ജനിച്ചവരാണ്. 9 പേരുടെ ജനനം അപേക്ഷാ സമയം അവസാനിച്ച ശേഷവും. അവരില്‍ 2 കുഞ്ഞുങ്ങളുടെ പിറവിയാകട്ടെ, മാതാപിതാക്കളുടെ യാത്രാ രേഖകള്‍ ശരിയായ ശേഷവും.

എറണാകുളം ആലുവ നോര്‍ത്ത് എടത്തല ഷാക്കിറ മന്‍സില്‍ അബ്ദുറഹിമാന്‍ -അല്‍ഫിയ ദമ്പതികളുടെ മകള്‍ ആദില മര്‍ജാന്‍ (38 ദിവസം) ആണു പ്രായം കുറഞ്ഞ ‘തീര്‍ഥാടക’. ഹജ് തീര്‍ഥാടനം കഴിഞ്ഞു നാട്ടില്‍ മടങ്ങിയെത്തുന്ന ദിവസം 2 വയസ്സു തികയാത്തവരെയാണു ഹജ് കമ്മിറ്റി കൈക്കുഞ്ഞുങ്ങളായി പരിഗണിക്കുന്നത്. വിമാനത്തില്‍ പ്രത്യേകം സീറ്റ് ആവശ്യമില്ലാത്തതിനാല്‍ വിമാന നിരക്കിന്റെ 10% മാത്രമാണ് ഇവര്‍ക്കായി അടയ്‌ക്കേണ്ടത്. മറ്റു ചെലവുകളൊന്നുമില്ലാതെ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യാം. പ്രത്യേക പരിഗണനകളും ലഭിക്കും. അബ്ദുറഹിമാനും അല്‍ഫിയയ്ക്കും ഹജ്ജിനു നറുക്കു വീഴുമ്പോള്‍ അല്‍ഫിയ ഗര്‍ഭിണിയായിരുന്നു. മേയ് 31നായിരുന്നു ആദിലയുടെ ജനനം. രണ്ടാഴ്ച മുന്‍പാണു പാസ്‌പോര്‍ട്ട് എടുത്ത് ഹജ് കമ്മിറ്റിക്കു സമര്‍പ്പിച്ചത്. കോഴിക്കോട് കോണോട്ട് മീത്തല്‍ വീട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകള്‍ അജ്വ ഫാത്തിമ (53 ദിവസം)യുടെ യാത്രാരേഖകളും കഴിഞ്ഞയാഴ്ചയാണു ശരിയായത്.

കണ്ണൂര്‍ മടായി ഫാത്തിമ മന്‍സില്‍ മണക്കാട് തെക്കേപ്പീടികയില്‍ ഹാരിസിന്റെ മകന്‍ മുഹമ്മദ് അമീന്‍, കോഴിക്കോട് വെള്ളയില്‍ അദിയാന്റകത്ത് ചെക്‌റെയ്ന്‍ വളപ്പ് ഹാരിസിന്റെ മകള്‍ ഫാത്തിമത്ത് സുഹ്‌റ ബതൂല്‍, കണ്ണൂര്‍ ചാപ്പറപടവ് കലീരകത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ മിന്‍ഹ മുഹമ്മദ്. കോഴിക്കോട് മാവൂര്‍ ഇസി വില്ലയില്‍ എറക്കോട്ടു ചോലയില്‍ അബ്ദുല്‍ റസാഖിന്റെ മകള്‍ റനാന്‍ ഫായിഖ്, കണ്ണൂര്‍ മട്ടന്നൂര്‍ ‘അറഫ’യില്‍ കാരക്കണ്ടി കൊയിലോത്ര സാജിറിന്റെ മകള്‍ മര്‍വ, കോഴിക്കോട് നോര്‍ത്ത് ബേപ്പൂര്‍ കുനിയില്‍ തെക്കേപുത്തലത്ത് ജസീറിന്റെ മകന്‍ മുഹമ്മദ് അമാന്‍, കോഴിക്കോട് മുഹമ്മദ് ഷാഫിയുടെ മകന്‍ അഹ്മദ് റാഷിദ്, എറണാകുളം നാലടിതുണ്ടില്‍ തന്‍വീറിന്റെ മകന്‍ അക്ഫല്‍ മുഹമ്മദ്, മലപ്പുറം വെളിയങ്കോട് അനാമിക വീട്ടില്‍ മഞ്ഞപ്പുറത്ത് അറക്കല്‍ ഷമീറിന്റെ മകന്‍ ആഖിബ് എന്നിവര്‍ പട്ടികയില്‍ ആദ്യം ഇടം പിടിച്ച കുഞ്ഞുങ്ങളാണ്.

വയനാട് തച്ചക്കാട്ടില്‍ ഉമ്മറിന്റെ മകന്‍ തമീം ഹസന്‍, കണ്ണൂര്‍ മൂരിയാട് സ്‌കൂള്‍ പറമ്പ് കീടത്ത് ജാബിറിന്റെ മകള്‍ കെന്‍സ മറിയം ജാബിര്‍, കണ്ണൂര്‍ കുഞ്ഞിപ്പുരയില്‍ കെ.പി.റാഫിയുടെ മകള്‍ ലൈബ സൈനബ, മലപ്പുറം എടവണ്ണ എരഞ്ഞിക്കല്‍ സഞ്ജന്റെ മകള്‍ റിസ ഫാത്തിമ, കണ്ണൂര്‍ വളപട്ടണം കളത്തില്‍ മുഹമ്മദ് അനീസിന്റെ മകള്‍ അമീന. മലപ്പുറം തിരൂര്‍ ബിപി അങ്ങാടി കോട്ട പിലാക്കല്‍ മുഹമ്മദ് ഇഖ്ബാലിന്റെ മകന്‍ ഹാതിം സവാദ്, കണ്ണൂര്‍ വെള്ളച്ചാല്‍ ഇബ്രാഹിം ഖലീലിന്റെ മകള്‍ ഫാത്തിമ, ഇടുക്കി തൊടുപുഴ കുമ്പക്കല്ല് വാണിയപുറായില്‍ സല്‍മാന്റെ മകള്‍ ഫാത്തിമ, കണ്ണൂര്‍ ഏഴാം മൈല്‍ ബൈത്തുല്‍ ഹമദില്‍ മുഹമ്മദ് സാജിറിന്റെ മകന്‍ മുഹമ്മദ് അഫാഖ്, കോഴിക്കോട് വടകര എടച്ചേരി കെ.ടി.സുനീറിന്റെ മകന്‍ മാഹിര്‍ ബിന്‍ സുനീര്‍ എന്നിവരാണ് കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി സൗദിയിലേക്കു തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button