Latest NewsIndia

അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ദിരാ കാന്റീനുകള്‍; മെനുവില്‍ മംഗളൂരു ബണ്‍, റാഗിമുദ്ദ തുടങ്ങി വിഭവങ്ങളുടെ നീണ്ട നിര

ഓഗസ്റ്റ് മുതല്‍ മംഗളൂരു ബണ്ണും ബ്രഡ്ഡും ജാമും റാഗിമുദ്ദയും ചായയും കാപ്പിയുമെല്ലാം കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും.

ബെംഗളൂരു: ഭക്ഷണമെനുവില്‍ വൈവിധ്യവുമായി ഇന്ദിരാ കാന്റീനുകള്‍. പ്രാദേശികവും ഏറെ ജനപ്രിയവുമായ നിരവധി വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി മാറ്റത്തിനൊരുങ്ങുകയാണ് കോര്‍പ്പറേഷന്‍. കാന്റീനുകളില്‍ ഓഗസ്റ്റ് മുതല്‍ മംഗളൂരു ബണ്ണും ബ്രഡ്ഡും ജാമും റാഗിമുദ്ദയും ചായയും കാപ്പിയുമെല്ലാം കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. നിലവില്‍ ഇന്ദിരാ കാന്റീനുകളില്‍ ഭക്ഷണവിതരണത്തിന് കരാറെടുത്തവരുടെ കാലാവധി ഓഗസ്റ്റിലാണ് അവസാനിക്കും. തുടര്‍ന്ന് വരുന്ന ടെന്‍ഡറിലാണ് പുതിയ മെനു പ്രകാരമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

കര്‍ണാടകയുടെ തനതായ ഭക്ഷണങ്ങളിലൊന്നാണ് റാഗിമുദ്ദയും ഇലക്കറിയും. മംഗളൂരു ബണ്ണും ഇവിടെ എറെ പ്രസിദ്ധമാണ്. മെനുവില്‍ ബ്രെഡ്ഡും ജാമും കൂടി ഉള്‍പ്പെടുത്തുന്നതോടെ ഇത്തരത്തിലുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരും കാന്റീനുകളിലേക്കെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് റാഗിമുദ്ദയും ഇലക്കറിയും വിതരണം ചെയ്യുക. ഇത് ഉച്ചഭക്ഷണമായും രാത്രിഭക്ഷണമായും നല്‍കാനാണ് തീരുമാനം. മറ്റുദിവസങ്ങളില്‍ ചപ്പാത്തിയും ഇലക്കറിയും ഉള്‍പ്പെടുത്തും. ചായയും കാപ്പിയും ഉള്‍പ്പെടുത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളാല്‍ തീരുമാനം നീട്ടിവെക്കുകയായിരുന്നു. പുതുതായി ഉള്‍പ്പെടുത്തിയ ചായയ്ക്കും കാപ്പിക്കും അധിക വില ഈടാക്കാന്‍ സാധ്യതയുണ്ടെങ്കിലും മറ്റു ഭക്ഷണത്തിന് വില വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ പ്രഭാതഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചയ്ക്കും രാത്രിയും 10 രൂപയുമാണ് ഈടാക്കുന്നത്. പുതിയ ടെന്‍ഡറുകളില്‍ കരാറുകാര്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഭക്ഷണത്തിന് നേരിയതോതില്‍ വില വര്‍ധിക്കാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ഇന്ദിരാകാന്റീനുകളിലെ ഭക്ഷണത്തിന് ഗുണനിലവാരം കുറവാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും കൃത്യമായ പരിശോധനയ്ക്കുശേഷമാണ് അടുക്കളകളില്‍ നിന്ന് കാന്റീനുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. കാന്റീനുകളിലെ ശുചിത്വം പരിശോധിക്കാന്‍ മാര്‍ഷല്‍മാരെയും കോര്‍പ്പറേഷന്‍ നിയോഗിച്ചിട്ടുണ്ട്. പുതിയ കരാറുകാര്‍ വരുന്നതോടെ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button