Latest NewsIndiaInternational

മദ്യക്കുപ്പിയില്‍ ഗാന്ധിജിയെ അവഹേളിക്കുന്ന ചിത്രം: കമ്പനി മാപ്പ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍  ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും മാപ്പപേക്ഷിച്ച് കമ്പനി ബ്രാന്‍ഡ് മാനേജര്‍ പ്രസ്താവനയിറക്കിയത്

ന്യൂ ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ചുള്ള ചിത്രം ആലേഖനം ചെയ്ത ബിയര്‍ കുപ്പികള്‍ പുറത്തിറക്കിയ സംഭവത്തില്‍ ഇസ്രയേല്‍ മദ്യനിര്‍മാണ കമ്പനി മാപ്പു പറഞ്ഞു. കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ഇസ്രായേലിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് കമ്പനി ചരിത്രവ്യക്തികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബിയര്‍ കുപ്പികള്‍ പുറത്തിറക്കിയത്. മൂന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളും കുപ്പിയില്‍ ആലേഖനം ചെയ്തിരുന്നെങ്കിലും രാജ്യത്തിന് പുറത്തു നിന്നുള്ള ഏക വ്യക്തി ഗാന്ധിജിയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍  ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും മാപ്പപേക്ഷിച്ച് കമ്പനി ബ്രാന്‍ഡ് മാനേജര്‍ പ്രസ്താവനയിറക്കിയത്. മഹാത്മാ ഗാന്ധിയെ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ തെറ്റായ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച ബിയര്‍ക്കുപ്പി പുറത്തിറക്കിയതില്‍
ഇസ്രായേലിലെ ഇന്ത്യന്‍ എംബസി അതൃപ്തി അറിയിച്ചു. തുടര്‍ന്ന് ഗാന്ധിജിയുടെ ഫോട്ടോ പതിച്ച ബിയറുകളുടെ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. വിപണയിലെത്തിയിട്ടുള്ള ഇത്തരം ബോട്ടിലുകള്‍ പിന്‍വലിപ്പിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. മഹാത്മഗാന്ധിക്ക് ആദരവ് നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ യഥാര്‍ഥ ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

രാജ്യസഭയില്‍ ഇക്കാര്യം ചര്‍ച്ചയായതോടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം നല്‍കി. ഇസ്രയേലിലെ മാല്‍ക്ക-നെഗീവ് ബിയര്‍ കമ്പനിയാണ് ഇത്തരം കുപ്പികള്‍ പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button