ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായി മധ്യ-ഇടതുപക്ഷ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ഡേവിഡ് മരിയ സസ്സോലി (63)തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണ് മറ്റു മൂന്ന് സ്ഥാനാര്‍ഥികളെ പിന്തള്ളിയുള്ള സസ്സോലിയുടെ ജയം. ആകെ 667ല്‍ 345 വോട്ട് അദ്ദേഹം നേടി.
ഇടതുപക്ഷത്തിന്റെ 41 അംഗങ്ങളും സോഷ്യല്‍ ഡെമോക്രാറ്റുകളായ 154പേരും ഗ്രീന്‍ പാര്‍ടിയും റിന്യൂ യൂറോപ്പ് എന്ന മധ്യനിരയും ഉള്‍പ്പെടുന്നതാണ് ഇയു പാര്‍ലമെന്റിലെ വിശാല ഇടതുപക്ഷം. യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ മേധാവിയായി ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സ്വല വോന്‍ ഡെര്‍ ലെയീന്‍ ശുപാര്‍ശ ചെയ്യപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യവനിതയാണ് ഇവര്‍. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് ഊര്‍സ്വലയുടെ പേര് നിര്‍ദേശിച്ചത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ വനിതാ മേധാവിയായി അന്താരാഷ്ട്ര നാണയനിധി മേധാവിയായ ക്രിസ്റ്റ്യാന ലെഗാര്‍ഡെയെ നാമനിര്‍ദേശം ചെയ്തു. രണ്ടുപേരുടെയും നിയമനത്തിന് ഇയു പാര്‍ലമെന്റിന്റെ അന്തിമ അംഗീകാരംകൂടി വേണം.
Post Your Comments