NewsInternational

കസാഖ്സ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

 

ദില്ലി: തൊഴിലാളി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടിയയോടെയാണ് സംഘര്‍ഷമുണ്ടായത്.

കസാഖ്സ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വേതനക്കുറവിനെച്ചൊല്ലി തദ്ദേശീയരുടെ പ്രതിഷേധം എണ്ണപ്പാടത്ത് നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലബനന്‍ കാരനായ ലോജിസ്റ്റിക്‌സ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം.

ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘടിച്ച തദ്ദേശീയര്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും ഇത് നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലെറിഞ്ഞു. പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്.

പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു.

shortlink

Post Your Comments


Back to top button