മുംബൈ: ജൂൺ മാസത്തിൽ ഉത്തരേന്ത്യയിൽ രേഖപ്പെടുത്തിയത് അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഏറ്റവും വരണ്ട ജൂണ്‍ മാസമാണ് ഇത്തവണത്തേത്. മഴയുടെ കുറവു കാർഷിക മേഖലയെയും അതുവഴി രാജ്യത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയും ഉയർന്നുകഴിഞ്ഞു. കാലാവസ്ഥ കേന്ദ്രം ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.
ശരാശരിയിലും താഴെ മഴയാണ് മിക്ക സംസ്ഥാനങ്ങളിലും ലഭിച്ചത്. കരിമ്പ് കൃഷി വ്യാപകമായ ഉത്തർപ്രദേശിൽ മഴ 61 ശതമാനത്തിലും താഴെയായിരുന്നു. ഏഷ്യൻ വിപണിയുടെ 15 ശതമാനം നിയന്ത്രിക്കുന്ന ഇന്ത്യൻ കാർഷികരംഗം ഇപ്പോൾതന്നെ പ്രതിസന്ധിയിലാണ്. കാർഷിക മേഖല കഴിഞ്ഞ വർഷത്തെ വരൾച്ചയിൽനിന്ന് കരകയറി വരുന്നതേയുള്ളൂ. അതിനൊപ്പം ഇക്കുറി കൂടി വരൾച്ചയുണ്ടായാൽ മേഖലയുടെ അടിത്തറ നശിക്കും. പരുത്തി, സോയാബീൻ, പയർവർഗങ്ങൾ എന്നിവയുടെ കൃഷി മഴയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വരും ആഴ്ചകളിൽ പെയ്യുന്ന മഴയുടെ അളവിനെ ആശ്രയിച്ചിരിക്കും ഇക്കുറി ഈ മേഖലകളിലെ കൃഷിയുടെ വിളവെടുപ്പ്.
Post Your Comments