Latest NewsArticle

കോടികളുടെ അഴിമതിയും തട്ടിപ്പും ക്വട്ടേഷനുകളും മാംസക്കച്ചവടവും നടത്തുന്നവർ സെലിബ്രിറ്റികളായി വാഴ്ത്തപ്പെടുമ്പോൾ ചെറുമോഷണം നടത്തുന്ന പാവപ്പെട്ടവർ കൊടുംക്രിമിനലുകളാകുന്ന സമത്വസുന്ദരകേരളം!

അഞ്ജു പാർവ്വതി പ്രഭീഷ്

തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാജയിലിൽ നിന്നും രണ്ടു യുവതികൾ തടവുചാടിയെന്ന വാർത്ത കേട്ടപ്പോൾ നവോത്ഥാനത്തിന്റെ പുതിയൊരു വാർപ്പുരീതിയെന്ന പരിഹാസത്തിന്റെ മുൻവിധിയാണ് ആദ്യമുണ്ടായത്.പിന്നീട് അവരെ കണ്ടെത്തിയെന്നും കൊടുംകുറ്റവാളികളെന്ന പ്രതീതി ഉളവാക്കി മാദ്ധ്യമങ്ങൾ മത്സരിച്ചു വാർത്തകൊടുക്കുന്നത് കണ്ടപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയുമില്ല.എന്നിരുന്നാലും അവരെങ്ങനെ ജയിലിനുള്ളിലെത്തിയെന്നൊരു ആകാംക്ഷ വന്നതുക്കൊണ്ടുമാത്രം അതിനെ കുറിച്ച് അന്വേഷിച്ചു.അതറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു വിങ്ങൽ മനസ്സിനേറ്റു.ഒപ്പംഞാനടങ്ങുന്ന ദ സോ കോൾഡ് പ്രബുദ്ധമലയാളിയുടെ പൊതുബോധത്തിലുറച്ചുപോയ ചില പ്രിവിലേജുകളും അവയുടെ ആനുകൂല്യങ്ങളും തെളിഞ്ഞുവന്നു.ഈ യുവതികളിൽ
ഒരാൾ ചെയ്ത കുറ്റം ജോലിക്കു നിന്ന വീട്ടിൽ നിന്നും മോതിരം മോഷ്ടിച്ചുവെന്നതാണ്.കള്ളവും ചതിയും എള്ളോള്ളമില്ലാത്ത കേരളനാട്ടിലെ ആദ്യത്തെ കൊടുംകുറ്റം.രണ്ടാമത്തേത് അതിനേക്കാൾ ഭയാനകം.സ്വകാര്യപണമിടപാടുസ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വച്ചെന്ന അതിഭീകരമായ ക്രിമിനൽ കുറ്റം.ജാമ്യതുക കെട്ടി വയ്ക്കാൻ പണമില്ലാത്തതിനാൽ 6 വർഷം വരെ തടവ് ലഭിക്കും എന്ന വക്കീലിന്റെ മുന്നറിയിപ്പ് കേട്ട് പേടിച്ച അവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ജയിൽ ചാട്ടം! അല്ലെങ്കിലും ഈ കുറ്റകൃത്യത്തിനു അറസ്റ്റിലായപ്പോൾ കസ്റ്റഡിയിൽ വച്ചുതന്നെ ജാമ്യമെടുക്കാനുള്ള ആളും പണവും ഇല്ലാത്തതുക്കൊണ്ടായിരുന്നല്ലോ ഈ രണ്ടു യുവതികൾക്ക് ജയിലിൽ കഴിയേണ്ടി വന്നത്.

ഇവിടെ സോളാറിന്റെ പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ സ്ത്രീരത്നം ജനാധിപത്യത്തെ വെല്ലുവിളിച്ചിട്ടുണ്ട്.പീഡനമെന്ന സുരക്ഷിതകവചം കൊണ്ട് ബ്ലാക്ക്മെയിലിങ്ങ് നടത്തി ജനസേവകന്മാരുടെ മുട്ടുവിറപ്പിച്ചിട്ടുണ്ട്!തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.അതൊന്നും വലിയ കുറ്റകൃത്യമല്ല.അവരും ഇതേ ജയിലിൽ കിടന്നിട്ടുണ്ട്.പക്ഷേ പണവും ഉന്നതന്മാരുടെ ഇടപെടലും കാരണം ജയിലിനെ അരമനയാക്കി മാറ്റിയെന്ന വ്യത്യാസം മാത്രം.ജയിലിനുള്ളിൽ ബ്യൂട്ടിപാർലർ വരെ ഒരുക്കിക്കൊണ്ടായിരുന്നു ജയിലധികാരികൾ അവരെ സ്വീകരിച്ചത്.കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിനെന്ന യുവതി ജയിലിനുള്ളിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ ദിവസങ്ങൾ പരോളിന്റെ ആനുകൂല്യത്തിൽ പുറത്ത് കഴിഞ്ഞതും ഇതേ പണവും ഉന്നതസ്വാധീനവും കൊണ്ടാണ്.സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ കഴിഞ്ഞശേഷം പുറത്തുവന്ന രശ്മിനായരൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന നവോത്ഥാനവിളംബരങ്ങൾക്ക് കയ്യടി നല്കുന്ന പുരോഗമനമലയാളികളുടെ നാട്ടിൽ ഈ അരപ്പട്ടിണിക്കാരായ രണ്ടു യുവതികൾ കൊടുംക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിനേക്കാൾ വലിയ അശ്ലീലമെന്താണ്? കൊടിസുനിമാരും കാരായി രാജന്മാരുമൊക്കെ ചരിത്രപുരുഷന്മാരായി അവരോധിക്കപ്പെടുന്ന കേരളത്തിലാണ് ചെറുതട്ടിപ്പിന്റെ പേരിൽ പാവങ്ങളെ വലിയ ക്രിമിനലുകളാക്കി ,ജനകീയവിചാരണ നടത്തി നാം സായൂജ്യമടയുന്നത്.

ഇവിടെ കോടികളുടെ അഴിമതി നടത്തി ജനങ്ങളെ വഞ്ചിച്ച് ജനനായകന്മാരായി വിലസാൻ ലൈസൻസുണ്ട്.സെലിബ്രിട്ടി സ്റ്റാറ്റസുകളുടെ മറവിൽ കിലോകണക്കിനു സ്വർണ്ണകടത്ത് നടത്താൻ ലൈസൻസുണ്ട്.ക്വട്ടേഷൻ നല്കി കൊല്ലാനും പീഡിപ്പിക്കാനും ലൈസൻസുണ്ട്.വിദേശത്ത് തൊഴിൽ കൊടുക്കുന്ന കോടികൾ കിട്ടുന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തുന്നവർക്ക് പൊതുസമൂഹത്തിൽ വിലസാൻ ലൈസൻസുണ്ട്.സമൂഹമാധ്യമങ്ങൾ വഴി മാംസക്കച്ചവടത്തിന്റെ അനന്തസാധ്യതകൾ മാർക്കറ്റ് ചെയ്യാൻ ലൈസൻസുണ്ട്.എന്നാൽ വകതിരിവില്ലായ്മ കാരണമോ പട്ടിണികാരണമോ ചെയ്യുന്ന ചെറു മോഷണം നടത്തുന്നവരെ ആജിവനാന്ത മോഷ്ടാക്കളെന്ന ബ്രാൻഡ്നെയിം നല്കാൻ നമ്മൾ മടിക്കുന്നുമില്ല.

സത്യസന്ധമായ വാര്‍ത്തകളിലൂടെ സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ഒരു മാധ്യമസംസ്കാരം നമുക്കുണ്ടായിരുന്നു.ഇന്നത്‌ വെറും കേട്ടുകേള്‍വി മാത്രമായി അവശേഷിക്കുന്നു.
പണത്തിന്റെയും പദവിയുടെയും രാഷ്ടീയപിന്‍ബലത്തിന്റെയും തുലാസ്സില്‍ വച്ച് അളക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ നോക്കിയാണ് പേരും ചിത്രവും അച്ചടിച്ചുവരുന്നത്.
ചിലരുടെ കാര്യത്തില്‍ വല്ലാതെ പത്രധര്‍മ്മം നോക്കുന്നവര്‍ പാവങ്ങളുടെ കാര്യം വരുമ്പോള്‍ ഒക്കെയും മറക്കും.എല്ലാ പത്രമാദ്ധ്യമങ്ങളും ഈ യുവതികളുടെ പേരും കുടുംബപേരും ചിത്രങ്ങളും വിളമ്പി സായൂജ്യമടഞ്ഞപ്പോൾ ഒരു ഭിന്നശേഷിക്കാരനായ യുവാവിനെ ,തുല്യനീതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന ആക്റ്റിവിസ്റ്റുകളുടെ നാട്ടിൽ, ബസ്സിൽ സീറ്റ് പങ്കിട്ടുവെന്ന മഹാകുറ്റത്തിനു കുടുക്കാൻ ശ്രമിച്ച പോലീസുകാരന്റെ ഭാര്യയെ പത്രധർമ്മം മറയാക്കി കാണാമറയത്താക്കുന്നുമുണ്ട്.

ഈ യുവതികൾ ചെയ്ത കുറ്റത്തെ ഒരുവിധത്തിലും ന്യായീകരിക്കുന്നില്ല.പക്ഷേ ഇവരേക്കാൾ പതിന്മടങ്ങ് കുറ്റകൃത്യങ്ങൾ ചെയ്തുക്കൊണ്ടിരിക്കുന്ന കൊടുംകുറ്റവാളികൾ പകൽമാന്യതയുടെ മൂടുപടമണിഞ്ഞ് സോഷ്യൽസ്റ്റാറ്റസിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് വിലസുമ്പോൾ ,അതിന്റെ നേർച്ചിത്രങ്ങൾ ദൈനംദിനജീവിതത്തിൽ കാണേണ്ടിവരുമ്പോൾ മാത്രം ഇവരുടെ കുറ്റങ്ങൾ ക്ഷമിക്കാവുന്നതിന്റെ നാലതിരുകൾക്കുളളിൽ മാത്രമാവുന്നു! നാടകമേ ഉലകം!

shortlink

Post Your Comments


Back to top button