ന്യൂഡല്‍ഹി : ഇന്ത്യയുടെ തനത് ഉത്പന്നങ്ങളുടെയും മറ്റും പകര്‍പ്പവകാശം വിദേശികള്‍ സ്വന്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഖാദിയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ചില വിദേശ കമ്പനികള്‍. ഖാദിയെ രാജ്യാന്തര ബ്രാന്‍ഡാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ജര്‍മനിയിലെ ജൈവ ഉല്‍പന്ന നിര്‍മാതാക്കള്‍ ‘ഖാദി’ എന്ന ബ്രാന്‍ഡ് നാമം കൈവശപ്പെടുത്തിയ വിവരം പുറത്തു വരുന്നത്.
ഇതിനിടെ ഖാദി ഗ്രാമ വ്യവസായ കമ്മിഷന്‍ യൂറോപ്യന്‍ ബൗദ്ധിക സ്വത്തവകാശ ഓഫിസില്‍ പരാതി നല്‍കി. ജര്‍മനിയടക്കം 5 രാജ്യങ്ങളില്‍ നേരത്തേതന്നെ ഖാദി കമ്മിഷന്‍ ട്രേഡ് മാര്‍ക്ക് റജിസ്റ്റര്‍ ചെയ്തിരുന്നതാണ്.ജര്‍മനിയിലെ ബെസ്റ്റ് നാച്ചുറല്‍ പ്രോഡക്ട്‌സ് എന്ന സ്ഥാപനമാണു യൂറോപ്യന്‍ ബൗദ്ധിക സ്വത്തവകാശ ഓഫിസില്‍ നിന്ന് ‘ഖാദി’ എന്ന പേരില്‍ ട്രേഡ് മാര്‍ക്ക് എടുത്തത്. ആദ്യഘട്ടത്തില്‍ നല്‍കിയ പരാതി തള്ളിപ്പോയെങ്കിലും വീണ്ടും അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
ബെസ്റ്റ് നാച്ചുറല്‍ പ്രോഡക്ട്‌സുമായി ഖാദി കമ്മിഷന്‍ ചര്‍ച്ചയും നടത്തുന്നുണ്ട്. ജര്‍മനിക്കു പുറമേ യുകെ, ഓസ്‌ട്രേലിയ, റഷ്യ, ചൈന എന്നിവിടങ്ങളിലാണു ഖാദി ട്രേഡ് മാര്‍ക്ക് ഇന്ത്യ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യഥാര്‍ഥ ഖാദി ഉല്‍പന്നങ്ങള്‍ തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഖാദി മാര്‍ക്കും പുറത്തിറക്കിയിട്ടുണ്ട്. സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയം ജര്‍മനിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഖാദിയുടെ പ്രോല്‍സാഹനത്തിനു ശ്രമിച്ചപ്പോഴാണ് ഇക്കാര്യമറിഞ്ഞത്.
Post Your Comments