ചെങ്ങന്നൂര്‍: മരിച്ചനിലയില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്നു പോലീസ്. സഹോദരി അറസ്‌റ്റില്‍. പ്രതിയായ സഹോദരീ ഭര്‍ത്താവ് ഒളിവില്‍. സഹോദരിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്ന് ആസൂത്രിതമായാണു കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത് . തമിഴ്‌നാട് ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്പര്‍ 55 ല്‍ മൈക്കിള്‍രാജാ(പുളി-21)ണ് തിങ്കളാഴ്‌ച രാത്രി മരിച്ചത്. അറസ്‌റ്റിലായ മൈക്കിളിന്റെ സഹോദരി കസ്‌തൂരിയെ റിമാന്‍ഡ് ചെയ്‌തു.
ഇവരുടെ ഭര്‍ത്താവ് മാസഗണി(വെള്ളമുത്തു) ഒളിവിലാണ്. 24ന് പുലര്‍ച്ചെയാണ് മൈക്കിളിനെ മരിച്ച നിലയില്‍ സഹോദരി കസ്‌തൂരി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്..ആശുപത്രിയിലെത്തിക്കുമ്ബോള്‍ മൈക്കിള്‍രാജിന്റെ ഇടതുകാലിന്റെ മൂന്നു വിരല്‍ നഷ്‌ടപ്പെട്ട നിലയിലായിരുന്നു. വലതുകാലും ഉരഞ്ഞ് മുറിഞ്ഞിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താനും ഭര്‍ത്താവും ചേര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്.
പാണ്ടനാട് വാടകയ്‌ക്ക് താമസിക്കുകയായിരുന്ന ഇവര്‍ ഏതാനും ദിവസം മുമ്പ് കൊല്ലം ഓച്ചിറ ക്ലാപ്പനയില്‍ വീട് വാടകയ്‌ക്കെടുത്ത് അവിടേക്കു മാറിയിരുന്നു.
സഹോദരന് ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നതായും വിവാഹിതനായ ഇയാളെ ഭാര്യ ഉപേക്ഷിച്ചതോടെ ലൈംഗികമായി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും കസ്‌തൂരി പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് മൈക്കിള്‍രാജിനെ വകവരുത്താന്‍ കസ്‌തൂരിയും ഭര്‍ത്താവ് മാസഗണിയും തീരുമാനിച്ചത്. കഴുത്തില്‍ സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി ക്ലാപ്പനയിലെ വീട്ടില്‍ വച്ചു രാത്രിയില്‍ കൊലപ്പെടുത്തി.
തുടര്‍ന്ന് ഇവരുടെ ലൂണ സ്‌കൂട്ടറില്‍ ഇരുത്തി കസ്‌തൂരിയും ഭര്‍ത്താവും എട്ടു വയസുള്ള ഇവരുടെ കുട്ടിയും ചേര്‍ന്നു ചെങ്ങന്നൂര്‍ പൂപ്പള്ളി ജങ്‌ഷനില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ മൃതദേഹം ഇവിടെ ഇറക്കിയശേഷം മാസഗണി തിരികെപ്പോയി. കസ്‌തൂരി തന്നെയാണ് സഹോദരനെ ചുമന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ക്ലാപ്പനയില്‍നിന്നു ചെങ്ങന്നൂരിലേക്കുള്ളയാത്രയ്‌ക്കിടെയാണ് കാല്‍ നിലത്തുരഞ്ഞ് വിരലുകള്‍ അറ്റുപോയത്. കസ്‌തൂരിയെ ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. മാസഗണിയ്‌ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.
സംഭവം നടന്നത് കൊല്ലം ക്ലാപ്പനയിലായതിനാല്‍ തുടരന്വേഷണത്തിന് കേസ് ഓച്ചിറ പോലീസിന് കൈമാറി.കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്കുവേണ്ടി തമിഴ്‌നാട്ടില്‍നിന്നുമുള്ള പ്രമുഖ അഭിഭാഷകരാണ് ഹാജരായത്. കസ്‌തൂരിയ്‌ക്കും ഭര്‍ത്താവ് മാസഗണിയ്‌ക്കും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമവുമായി അടുത്തബന്ധമാണുള്ളത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇരുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
പേരും വിലാസവും മാറ്റിയാണ് കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. സംഭവമറിഞ്ഞ് തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ചെങ്ങന്നൂരിലെത്തിയിരുന്നു. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് അറിഞ്ഞതോടെ ഇവര്‍ മടങ്ങി.
Post Your Comments