Latest NewsIndia

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍; ഡിഎംകെയെ വിമര്‍ശിച്ച നേതാവിനെതിരെ കോണ്‍ഗ്രസ് നടപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ നേതാവിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്നത് ഇരുപാര്‍ട്ടികള്‍ക്കും തലവേദനയായിരിക്കുന്നതിനിടെയാണ് പുതിയ നടപടി.പാര്‍ട്ടിയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡണ്ട് കരാട്ടെ ത്യാഗരാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ഡിഎംകെ നേതാവ് കെ എന്‍ നെഹ്‌റു നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ‘കോണ്‍ഗ്രസിനെ എത്ര നാള്‍ കൊണ്ടുനടക്കാനാണ്. എത്ര നാളായി ഈ പല്ലക്ക് ചുമക്കുന്നു. നാളെയും ഇത് ചെയ്യാന്‍ സ്റ്റാലിന്‍ പറഞ്ഞാല്‍ ചെയ്യണം. ചെയ്യാതിരിക്കാനാകില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഡിഎംകെ സഖ്യം ഇല്ലെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാനാകും’ എന്നാണ് ഇതിന് മറുപടിയായി കരാട്ടെ ത്യാഗരാജന്‍ പറഞ്ഞത്.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടതും ത്യാഗരാജനെ സസ്‌പെന്‍ഡ് ചെയ്തതും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ത്യാഗരാജനെതിരായ നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ഇനി വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സഖ്യമില്ലാതെ തനിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button