ന്യൂഡല്‍ഹി : 8100 കോടി രൂപയുടെ വായ്പതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന കേസില്‍, ഔഷധ നിര്‍മാണക്കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക്കിന്റെ ഉടമകളുടെ 9778 കോടി മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. വന്‍ തട്ടിപ്പു നടത്തി നാടുവിട്ടവരുടെ കൂട്ടത്തിലെ അവസാനത്തെ പേരുകാരാണ് ഗുജറാത്തിലെ സ്റ്റെര്‍ലിങ് ബയോടെക് ഉടമകളായ നിഥിന്‍ സന്ദേസര, ചേതന്‍ സന്ദേസര, ദീപ്തി സന്ദേസര, ഹിതേഷ് പട്ടേല്‍ എന്നിവര്‍.
ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5383 കോടി രൂപ വായ്പയെടുത്തു വകമാറ്റി ചെലവഴിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും വിദേശ ബിസിനസുകളില്‍ നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്. നൈജീരിയയിലെ ഒരു എണ്ണപ്പാടം, 4 എണ്ണക്കിണര്‍, ഒരു ബിസിനസ് ജെറ്റ്, ലണ്ടനിലെ ആഡംബര ഫ്‌ലാറ്റ് എന്നിവയടക്കമുള്ള ആസ്തികളാണ് ജപ്തി ചെയ്തത്.ആ തുക കിട്ടാക്കടമായി മാറുകയായിരുന്നു. അങ്ങനെയാണ് 8100 കോടിയായി വളര്‍ന്നത്.
300 വ്യാജ കമ്പനികള്‍ സ്റ്റെര്‍ലിങ് ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു. നിതിന്‍ സന്ദേസരയും സഹോദരന്‍ ചേതനും ചേര്‍ന്നാണ് ഇവ നടത്തിയിരുന്നത്. കഴിഞ്ഞ ജൂണില്‍ ഈ കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും കേസെടുത്തിരുന്നു. കേസ് നിലനില്‍ക്കെയാണ് ഇവര്‍ രാജ്യം വിട്ടത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ഹിതേഷ് കുമാര്‍ പട്ടേല്‍. സ്റ്റെര്‍ലിങ് ബയോടെക് കമ്പനി വായ്പ തട്ടിപ്പില്‍ പ്രതിയാണ് ഇയാള്‍.
കള്ളപ്പണം വെളുപ്പിച്ചതിനു രാജ്യാന്തരതലത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സഹോദരങ്ങളായ ചേതന്‍ സന്ദേസരയെയും നിതിന്‍ സന്ദേസരയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് അല്‍ബേനിയന്‍ പൗരത്വം ലഭിച്ചിരുന്നു. ഇരുവരും അല്‍ബേനിയയില്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല.
Post Your Comments