മിസോറാമിൽ വൻരാഷ്ട്രീയ അട്ടിമറി. മിസോറാമിലെ ഒരു ജില്ലയില്‍ കോണ്‍ഗ്രസും ബിജെപിയും ലയിച്ച് ഒന്നായിരിക്കുന്നു. വളരെ കാലം കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമിലാണ് സംഭവം. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന് മാസങ്ങള്‍ക്ക് മുമ്പ് വരെ ഗവര്‍ണര്‍ പദവി അലങ്കരിച്ച സംസ്ഥാനമാണ് മിസോറാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് പരാജയപ്പെടുകയും മിസോ നാഷണല്‍ ഫ്രണ്ട് ഭരണം പിടിക്കുകയും ചെയ്തിരുന്നു.
മിസോറാമിലെ മാറ ജില്ലയിലാണ് കോണ്‍ഗ്രസും ബിജെപിയും ലയിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്താണ് ലയനം നടന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ജെവി ഹ്ലുണ പറയുന്നു. മാറ ജില്ലയിലെ സ്വയം ഭരണ ജില്ലാ സമിതി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസ്- ബിജെപി പാര്‍ട്ടികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടന്നത് . ഇതിന് പിന്നാലെ ബിജെപിയില്‍ ലയിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
ഇനി ഒരുമിച്ചാകും ജില്ലാ സമിതി ഭരണം നടത്തുക. ഈ മാസം 19നാണ് ജില്ലാ സമിതി പിരിച്ചുവിടാന്‍ ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ തീരുമാനിച്ചതെന്ന് ചീഫ് എക്സിക്യുട്ടീവ് അംഗം എന്‍ സഖായ് പറഞ്ഞു.ജില്ലയില്‍ കോണ്‍ഗ്രസുമായി ലയിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിലെ പ്രമുഖ നേതാക്കളുടെ അനുമതി ലഭിച്ചുവെന്ന് ജെവി ഹ്ലുണ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതാക്കളുടെ അറിവോടെയാണ് നിര്‍ണായകമായ തീരുമാനം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത് കോണ്‍ഗ്രസുമായുള്ള സഖ്യം ചേരല്‍ അല്ലെന്നും ഹ്ലുണ വ്യക്തമാക്കി. ലയന തീരുമാനം കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റുമായി വിഷയം സംസാരിച്ചു. ജില്ലാ പ്രസിഡന്റ് തന്നോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. താന്‍ കേന്ദ്രസര്‍ക്കാരിലെ പ്രമുഖരുമായി ചര്‍ച്ച നടത്തി. അതിന് ശേഷമാണ് ലയിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹ്ലുണ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന് ബിജെപിയില്‍ ലയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ലയിക്കാന്‍ തയ്യാറാണ് എന്നാണ് തങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതെന്ന് ബിജെപി അധ്യക്ഷന്‍ പറയുന്നു.
തുടര്‍ന്ന് പലഘട്ടങ്ങളിലായി പിന്നീട് ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴാണ് അന്തിമ തീരുമാനം എടുത്തതെന്നും ഹ്ലുണ പറഞ്ഞു. ഇരു പാര്‍ട്ടികളുമായും ബന്ധമില്ലാത്ത പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് ആണ് മിസോറാം ഭരിക്കുന്നത്.അതേസമയം ബിജെപിയുമായി ലയിക്കാനുള്ള പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പുവച്ചു.
Post Your Comments